Connect with us

NEWS

69 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

Published

on


പറവൂര്‍: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോര്‍ത്ത് പറവൂര്‍ കാഞ്ഞിരപറമ്പില്‍ നിസാര്‍ (26) എന്നിവരെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാല്‍പ്പറമ്പില്‍ (മയൂഖം) രഞ്ജിത്ത് ആര്‍ നായരുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ച്ച നടത്തിയത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 47 പവനോളം സ്വര്‍ണാഭരണം പൊലീസ് കണ്ടെടുത്തു. സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍ താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്. മുന്‍വശത്തെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയില്‍ കയറി വാതില്‍ തുറന്ന് അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി തന്നെ മറ്റൊരു വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജില്‍ ഉണ്ടെന്ന് അറിഞ്ഞത്. പൊലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു.

മോഷണത്തിനായി യാത്ര ചെയ്ത സ്‌കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളുണ്ട്. റൂറല്‍ ജില്ലയില്‍ മാത്രം 10 കേസുകള്‍ നിലവില്‍ ഉണ്ട്. നിസാറിനെതിരെ നാലു കേസുകളുണ്ട്. പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നു.

അന്വേഷണ സംഘത്തില്‍ ഡി വൈ എസ് പി വി എ നിഷാദ് മോന്‍, ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലി എം, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീദേവി കെ എസ്, രാജേഷ് കെ കെ, ജി ശശിധരന്‍ (രാമമംഗലം), അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍ കെ കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബി ചന്ദ്ര
ബോസ്, അഖില്‍ പി ആര്‍, കെ ജി ജോസഫ് (നോര്‍ത്ത് പറവൂര്‍) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നിട്ടുകൂടി ആഞ്ച് ദിവസത്തിനുള്ളില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണമികവാണ്. പ്രതികളുമായി പൊലീസ് കൊടുങ്ങല്ലൂരില്‍ തെളിവെടുപ്പ് നടത്തി. ഫിങ്കര്‍പ്രിന്റ് ഫോറന്‍സിക്, സൈബര്‍ സെല്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവരും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.


error: Content is protected !!