Business
ടോളിന്‍സ് ടയേഴ്സിന്റെ ഐ പി ഒയ്ക്ക് അപേക്ഷിക്കാം; അവസാന തിയ്യതി സെപ്തംബര്‍ 11
- നിര്‍മാണ വ്യവസായരംഗത്തു നിന്നുള്ള ഒരു കേരളീയ കമ്പനിയുടെ ഐ പി ഒ വരുന്നത് നീണ്ട ഇടവേളയ്ക്കു ശേഷം
കൊച്ചി: കേരളം ആസ്ഥാനമായുള്ള ടോളിന്‍സ് ടയേഴ്സിന്റെ ഐ പി ഒയ്ക്ക് സെപ്തംബര്‍ 11 വരെ അപേക്ഷിക്കാം. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 215- 226 രൂപ വില നിലവാരത്തിലാണ് ഈ ഇഷ്യുവിലൂടെ ലഭ്യമാവുക.
ചുരുങ്ങിയത് 66 എണ്ണം ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടര്‍ന്ന് 66ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഈ ഐ പി ഒയിലൂടെ 230 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 200 കോടിയുടെ പുതിയ ഓഹരികളും ശേഷിച്ച 30 കോടിയുടേത് പ്രൊമോട്ടര്‍മാര്‍ അവരുടെ ഒരു വിഹിതം വില്‍ക്കുന്നതുമാണ്.
അപേക്ഷിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് സെപ്തംബര്‍ 12ന് ഡിമാറ്റ് അക്കൗണ്ടുകളില്‍ ഓഹരി ലഭ്യമായേക്കും. ബി എസ് ഇയിലും എന്‍ എസ് ഇയിലും സെപ്തംബര്‍ 16ന് ലിസ്റ്റു ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണ വ്യവസായരംഗത്തു നിന്നുള്ള ഒരു കേരളീയ കമ്പനിയുടെ ഐ പി ഒ വരുന്നത് നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന് സവിശേഷതയും ടോളിന്‍സ് ടയേഴ്സിന്റെ ഈ ഓഹരി വില്‍പ്പനയ്ക്കുണ്ട്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമാണ് ധനസമാഹരണം.
ഡോ. കെ വി ടോളിനും ഭാര്യ ജെറിന്‍ ടോളിനുമാണ് കമ്പനിയുടെ മുഖ്യപ്രൊമോട്ടര്‍മാര്‍. 1982ല്‍ ടോളിന്റെ പിതാവ് കെ പി വര്‍ക്കി സ്ഥാപിച്ച കമ്പനി രാജ്യത്തെ പ്രമുഖ ടയര്‍, ടയര്‍ റീട്രെഡ് നിര്‍മാതാവാണ്. 2023- 24 സാമ്പത്തിക വര്‍ഷം നേടിയ വിറ്റുവരവ് 227.21 കോടി രൂപ. ലാഭം 26 കോടി രൂപ. കമ്പനിയുെട മൂന്നു ഫാക്ടറികളില്‍ രണ്ടെണ്ണം കാലടി മറ്റൂരിലും ഒരെണ്ണം യു എ ഇയിലെ റാസല്‍ഖൈമ അല്‍ ഹംമ്ര ഇന്‍ഡസ്ട്രിയല്‍ സോണിലുമാണ്.
ടൂവീലര്‍, ത്രീവീലര്‍, കാര്‍, ചെറുകിട വാണിജ്യ വാഹനങ്ങള്‍, കാര്‍ഷിക വാഹനങ്ങള്‍ എന്നിവയുടെ ടയറുകളാണ് കമ്പനി നിര്‍മിക്കുന്നത്. മിഡ്ല്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയുമുണ്ട്.