പ്രവാസിയും നോര്‍ക്കാ ഇന്‍ഷുറന്‍സും; ബഹ്റൈന്‍ നവകേരള സംവാദം സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ നവകേരളയുടെ നേതൃത്വത്തില്‍ പ്രവാസിയും നോര്‍ക്കാ ഇന്‍ഷുറന്‍സും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വന്‍ വര്‍ധന പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംവാദം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

city exchange

സല്‍മാനിയയില്‍ നടന്ന പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുത്തു. നവകേരള സെക്രട്ടറി രാജ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എ കെ സുഹൈല്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. കണ്‍വീനര്‍ ഷാജി മൂതല നന്ദി അറിയിച്ചു. അനില്‍ കുമാര്‍, അനസ് റഹീം, മൊയ്തീന്‍കുട്ടി പുളിക്കല്‍, കെ ടി സലീം, ഫൈസല്‍ എഫ് എം, ഷബീര്‍ മാഹി, ഫിറോസ് തിരുവത്ര, മനോജ് വടകര, സല്‍മാന്‍ ഫാരിസ്, അന്‍വര്‍ നിലമ്പൂര്‍, കാസിം മലമേല്‍, നവകേരളയുടെ അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലവിലുണ്ടായിരുന്ന മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉപേക്ഷിച്ച് നോര്‍ക്ക കെയറില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ച അപ്രതീക്ഷിതമായ പ്രീമിയം വര്‍ധന വലിയ തിരിച്ചടിയായിരിക്കുകയാണെന്നും കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണെന്നും ഉയര്‍ന്ന പ്രീമിയം താങ്ങാനാകാതെ പദ്ധതിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രവാസി വിഷയങ്ങളില്‍ സംഘടനാ വ്യത്യാസം കൂടാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ ജനകീയവും സാമ്പത്തികമായി താങ്ങാനാകുന്നതുമായിരിക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പ്രീമിയം വര്‍ധനയുടെ സാഹചര്യവും പദ്ധതിയുടെ ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും പ്രവാസികളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!