
കൊച്ചി: ആദിവാസി സമൂഹത്തിന്റെ തനിമയും സംസ്കാരവും പരമ്പരാഗത അറിവുകളും സംരക്ഷിച്ചുകൊണ്ട് അവരെ വിദ്യാഭ്യാസത്തിലൂടെയും തൊഴില്പരിശീലനത്തിലൂടെയും വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കണമെന്ന് കേരളം ഹൈക്കോടതി അഭിഭാഷക അഡ്വ. സത്യശ്രീ പ്രിയ ഈശ്വരന് പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് (കെ എം എ) വിമന്‍ ലീഡര്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ ‘രാഷ്ട്രനിര്‍മാണത്തിന് താഴെത്തട്ടില്‍ നിന്നുള്ള മാനേജ്മെന്റ്: ഫ്രന്റ്സ് ഓഫ് ട്രൈബല്‍ അനുഭവം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യാലയങ്ങള്‍ കുട്ടികളിലേക്കെത്തിക്കുക എന്ന ആശയത്തില്‍ 1989-ല്‍ കൊല്‍ക്കത്ത ആസ്ഥാനമായി ആരംഭിച്ച പ്രവര്‍ത്തനം 60ല്‍ നിന്നും രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി ഏകദേശം 19,500 പഠനകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തില്‍നിന്നുതന്നെ അധ്യാപകരെ കണ്ടെത്തി പരിശീലിപ്പിക്കുകയും അവരുടെ വീടുകളിലും ഗ്രാമങ്ങളിലെ സൗകര്യപ്രദമായ ഇടങ്ങളിലും പഠനകേന്ദ്രങ്ങള്‍ ഒരുക്കുകയുമാണ് പ്രവര്‍ത്തനരീതി. ഒരു കേന്ദ്രത്തില്‍ 20 മുതല്‍ 25 വരെ കുട്ടികള്‍ക്ക് നാലു മുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്കായി വൈകുന്നേരങ്ങളില്‍ പഠനസൗകര്യം നല്കുന്നു.

അടിസ്ഥാന സാക്ഷരത, ആരോഗ്യ- ശുചിത്വ ബോധവത്കരണം, തൊഴില്‍പരിശീലനം, സ്ത്രീശാക്തീകരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ചുതല വിദ്യാഭ്യാസ മാതൃകയാണ് പിന്തുടരുന്നത്. അടിസ്ഥാന ഗണിതം, വായന, എഴുത്ത് എന്നിവയ്ക്കൊപ്പം അരിവാള്‍ കോശരോഗം, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നല്കുന്നു. വയനാട്ടില്‍ തയ്യല്‍ പരിശീലനകേന്ദ്രവും മറ്റു മേഖലകളില്‍ കമ്പ്യൂട്ടര്‍ പരിശീലനവും തൊഴില്‍പരിശീലനവും നടത്തുന്നുണ്ട്. ആദിവാസികളുടെ ഭാഷയും സംസ്കാരവും പരമ്പരാഗത അറിവുകളും സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ 2008-ല്‍ കൊച്ചിയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ഒന്‍പത് ചാപ്റ്ററുകളുണ്ട്. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ മേഖലകളില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍, സമൂഹം, സന്നദ്ധസംഘടനകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരം പദ്ധതികള്‍ വിജയിക്കുക. ഗ്രാമത്തലവന്മാരുടെയും മുതിര്‍ന്നവരുടെയും സഹകരണത്തോടെ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സംഘടനയുടെ രീതി. പ്രാദേശിക പങ്കാളിത്തം, വികേന്ദ്രീകൃത പ്രവര്‍ത്തനം, സുതാര്യമായ സാമ്പത്തിക നിര്‍വഹണം, കൃത്യമായ വിലയിരുത്തല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. രാജ്യത്തുടനീളം ഏകദേശം 47,000 ആദിവാസി മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ എത്തുന്നുണ്ടെന്നും ഒരു പഠനകേന്ദ്രത്തിന്റെ വാര്‍ഷിക പ്രവര്‍ത്തനച്ചെലവ് ഏകദേശം 30,000 രൂപയാണെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കായി കൊച്ചിയില്‍ സാംസ്കാരിക വിനിമയ പരിപാടി, വൃക്ഷത്തൈ നടീല്‍, പരിസ്ഥിതിദിനാഘോഷം, കലോത്സവം, ചിത്രരചനാ- വേഷമത്സരങ്ങള്, വേനല്‍ക്കാല ക്യാമ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. വയനാട്ടിലെ തയ്യല്‍ പരിശീലനകേന്ദ്രം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നു. അധ്യാപകരുടെയും സൂപ്പര്‍വൈസര്‍മാരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മൂന്നുമാസത്തിലൊരിക്കല്‍ യോഗങ്ങളും നടത്തുന്നുണ്ട്.
കെ എം എയുമായി സഹകരിച്ച് കോര്‍പ്പറേറ്റ് വോളന്റിയറിങ്, മെന്ററിങ്, ഡിജിറ്റല്‍ സാക്ഷരത, തൊഴില്‍പരിശീലനം, സി എസ് ആര് പിന്തുണ, വിപണനസഹായം, ഗവേഷണം, ഭരണനിര്‍വഹണ മികവ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താമെന്നും അവര്‍ നിര്‍ദേശിച്ചു. ആദിവാസി സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും ഔഷധസസ്യ കൃഷി, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും പ്രൊഫഷണല്‍ കൂട്ടായ്മകളുടെ പിന്തുണ തേടി. ചെറിയ പദ്ധതികളില്‍നിന്ന് ആരംഭിച്ച് അവയുടെ ഫലങ്ങള്‍ വിലയിരുത്തി വിജയകരമായവ വിപുലീകരിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
കെ എം എ സീനിയര്‍ വൈസ് പ്രസിഡന്റ് ദിലീപ് നാരായണന് അധ്യക്ഷത വഹിച്ചു. വിമന്‍ ലീഡര്‍ ഫോറം ചെയര്‍ ഡോ. രാധ തേവന്നൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രമേഷ് നായര്‍ നന്ദിയും പറഞ്ഞു.

