

കോഴിക്കോട്: സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളിലെ പിഴ അടയ്ക്കുന്നതിനായി 20 രൂപ ചാലഞ്ചിലൂടെ ഫണ്ട് കണ്ടെത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ ഏഴിനാണ് പരിപാടി നടത്തുകയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് എറണാകുളം കോതമംഗലം കൊടമുണ്ട എസ് എസ് എം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ പല്ലാരിമംഗലം അബ്ദുല്‍ കരീമിനെ പതിനഞ്ച് മാസത്തേക്ക് സസ്പെന്റ് ചെയ്തിരിക്കയാണ്. സി എ എ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഇരട്ടത്താപ്പ് നയത്തിന്റെ ഇരയാണ് കരീം. ഇക്കാര്യത്തില്‍ കരീം നടത്തുന്ന കേസിനും യൂത്ത് ലീഗ് സഹായം നല്‍കും. നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനവിനെതിരെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

യു പി എ സര്‍ക്കാരിന്‍െയും യു ഡി എഫ് സര്‍ക്കാരിന്റെയും കാലത്തെ നികുതിയും മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും കാലത്തെ നികുതിയും താരതമ്യപ്പെടുത്തുന്ന ലിസ്റ്റ് വിതരണം ചെയ്യും.
1921ലെ മലബാര്‍ സമരത്തെ ആസ്പദമാക്കി നവംബര്‍ 19, 20, 21 തിയ്യതികളില്‍ കോഴിക്കോട്ട് പുസ്തക മേള സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സെമിനാറുകളും ഉണ്ടാകും.
പുതിയ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന കമ്മറ്റിയുടെ എക്സിക്യൂട്ടീവ് ക്യാംപ് ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ നടക്കും. യൂത്ത്ലീഗിന്റെ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കായി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നടപ്പിലാക്കും.
യൂത്ത് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തതില്‍ തര്‍ക്കമില്ലെന്ന് ഫിറോസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അടുത്ത അംഗത്വ കാംപയിനോടെ താഴെത്തട്ട് മുതല്‍ 20 ശതമാനം വനിതാ സംവരണം നടപ്പാക്കും. ഇതിനായി സംഘടനാ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായീല്‍ വയനാടും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

