ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Web Desk
4 Min Read

ചിക്കാഗോ: ചിക്കാഗോയില്‍ നടത്തുന്ന ഈ വര്‍ഷത്തെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മീഡിയ കോണ്‍ഫ്രന്‍സില്‍ വച്ച് സമ്മാനിക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിന് മാധ്യമ ശ്രീ അവാര്‍ഡും മനോരമ ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷാ പുരുഷോത്തമന് മാധ്യമ രത്ന അവാര്‍ഡും ജന്മഭൂമിയുടെ ചീഫ് എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരിക്ക് മാധ്യമ പ്രതിഭ അവാര്‍ഡും നല്‍കും.

city exchange

റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 14 നടക്കുന്ന മീഡിയ കോണ്‍ഫ്രന്‍സില്‍ വച്ചാണ് മാധ്യമ രംഗത്ത് ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഈ അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയെന്ന് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ബിജു കിഴക്കേകുറ്റ് അറിയിച്ചു

രണ്ടു ദശാബ്ദങ്ങളായി മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മാധ്യമ ശ്രീ അവാര്‍ഡിന് അര്‍ഹനായ ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യ തലസ്ഥാനത്തെ മുഖമായ പ്രശാന്ത് രഘുവംശം. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാഡുവേഷനും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്നും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും യു കെയിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഈ ജനകീയ മാധ്യമ പ്രവര്‍ത്തകന്‍. ഡെക്കാന്‍ ക്രോണിക്കിളില്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയാണ് തുടക്കം.

- Advertisement -
Ad image

2001ല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി ചേര്‍ന്നു. ഡല്‍ഹിയിലെ റസിഡന്റ് എഡിറ്റര്‍ എന്ന നിലയില്‍ ദേശീയവും അന്തര്‍ദേശീയവുമായ വിവരങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും മലയാളി പ്രേക്ഷകരില്‍ എത്തിക്കുന്നതിലും വടക്കേ ഇന്ത്യയിലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രശാന്ത് രഘുവംശത്തിന്റെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദേശീയ തെരഞ്ഞെടുപ്പുകളും പല വടക്കേ ഇന്ത്യന്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഏറ്റവും വേഗത്തിലും കൃത്യതയിലും എത്തിക്കുന്നതില്‍ ആദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭാരതത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങളെ നിരീക്ഷിക്കുന്ന, മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഒന്‍പതംഗ ബോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി അംഗമാണ് കൂടിയാണ് പ്രശാന്ത് രഘുവംശം. ലോകസഭാ സ്പീക്കറുടെ അഡൈ്വസറി കമ്മറ്റി അംഗമായി നാലുവര്‍ഷം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചുവര്‍ഷത്തോളം കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്ണലിസ്റ്റ്സ് ഇന്‍ ഡല്‍ഹിയുടെ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്,

മാധ്യമ രത്‌നം അവാര്‍ഡിന് അര്‍ഹയായ നിഷാ പുരുഷോത്തമന്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സ് നേതാവ് ടി ജി പുരുഷോത്തമന്റെ മകളാണ്. 2004ല്‍ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനിലെ ആദ്യ ബാച്ചില്‍ അംഗമായി റിപ്പോര്‍ട്ടറായി തുടങ്ങി. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധ നേടിയ നിഷ, മനോരമ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് പി ജി പൂര്‍ത്തിയാക്കിയ ശേഷമാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നതും പിന്നീട് കേരള മാധ്യമ രംഗത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായി വളരുന്നതും. 2006ല്‍ മനോരമ ന്യൂസിന്റെ തുടക്കം മുതല്‍ റിപ്പോര്‍ട്ടിങ്ങിലും ആങ്കറിങ്ങിലും സജീവമായ നിഷ, പ്രധാനപ്പെട്ട ഷോകളുടെ അവതാരകയായും ‘കൗണ്ടര്‍ പോയന്റ്’എന്ന പ്രൈംടൈം ഡിബേറ്റ് ഷോയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. രാഹുല്‍ ഗാന്ധിയുടെ ആദ്യ മലയാള ചാനല്‍ അഭിമുഖമടക്കം നിരവധി എക്്സ്‌ക്ലുസീവുകള്‍ ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു. രാജ്യാന്തര വാര്‍ത്തകളുടെ ചുമതലയുള്ള നിഷ, 2014ലെ സിറിയന്‍ ആഭ്യന്തരയുദ്ധവും 2018ലെ മാലദ്വീപ് അടിയന്തരാവസ്ഥയുമടക്കം നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ നേരില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെ ‘ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്’ തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം യു എസിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.
മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം മൂന്നുതവണ ലഭിച്ചു. ഇതിന് പുറമേ മറ്റ് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചു. നൊബേല്‍ ജേതാവ് നാദിയ മുറാദിന്റെ ആത്മകഥ ‘ദ ലാസ്റ്റ് ഗേള്‍’, ‘അവസാനത്തെ പെണ്‍കുട്ടി’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മനോരമ ന്യൂസിന്റെ എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസര്‍ ആണിപ്പോള്‍. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.

മാധ്യമ പ്രതിഭാ അവാര്‍ഡിന് അര്‍ഹനായ കെ എന്‍ ആര്‍ നമ്പൂതിരി മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ്. 1976ല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ കെ എന്‍ ആര്‍ നമ്പൂതിരി, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2017ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗ്രേഡില്‍ സ്പോര്‍ട്സ് എഡിറ്റര്‍ ആയി വിരമിച്ചു. രണ്ട് ഏഷ്യന്‍ ഗെയിംസ് (ഡല്‍ഹി 1982, ബെയ്ജിങ് 1990), ഒളിമ്പിക്സ് (സിഡ്നി 2000), സാഫ് ഗെയിംസ് (കൊല്‍ക്കത്ത 1986), ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം (1997), ഷാര്‍ജ കപ്പ് ക്രിക്കറ്റ്, വിംബിള്‍ഡണ്‍ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു. സ്പോര്‍ട്സ് പേജില്‍ പെനാല്‍റ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തുകൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1990 ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിങ്ങിന് ഏഷ്യന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് ഫെഡറേഷന്റെയും ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്‌കാരം നേടി. 2017ല്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും 2019 മുതല്‍ എഡിറ്ററായും സേവനം ചെയ്തു വരുന്നു.

Share This Article
Leave a Comment
error: Content is protected !!