

ദോഹ: ഗള്‍ഫ് ടൈംസ് മുന്‍ ചീഫ് റിപ്പോര്‍ട്ടറായിരുന്ന ടി എം അനന്തരാമന് (85) ബംഗളൂരുവില്‍ അന്തരിച്ചു. 1978 ഒക്ടോബറില്‍ ദോഹയിലെത്തിയ അദ്ദേഹം ഖത്തറിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് ഒരുക്കുന്നതില്‍ പങ്ക് വഹിച്ചതായി ഗള്‍ഫ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1978 ഡിസംബര്‍ 10നാണ് ഗള്‍ഫ് ടൈംസിന്റെ ആദ്യലക്കം പുറത്തിറങ്ങിയത്.

ഗള്‍ഫ് ടൈംസില്‍ റിപ്പോര്‍ട്ടറായാണ് ടി എം അനന്തരാമന് തന്റെ ദോഹയിലെ കരിയര്‍ ആരംഭിച്ചത്. പിന്നീടദ്ദേഹം ചീഫ് റിപ്പോര്ട്ടറാവുകയായിരുന്നു. ഗള്‍ഫ് ടൈംസിലെത്തുന്നതിന് മുമ്പ് മുംബൈയില്‍ ദി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം. ഗള്‍ഫ് ടൈംസിന്റെ സ്ഥാപക പത്രാധിപര്‍ ബ്രയിന്‍ നിക്കോളസാണ് ടി എം അനന്തരാമനെ ഗള്‍ഫ് ടൈംസിലേക്ക് റിക്രൂട്ട് ചെയ്തത്.

ഖത്തറിനേയും ദോഹയിലെ പ്രവാസി സമൂഹത്തേയും കുറിച്ച് ടി എം അനന്തരാമന് മികച്ച റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചത്. പ്രവാസി സമൂഹത്തിനിടയില്‍ അനന്തരാമന് വളരെ പ്രശസ്തനായിരുന്നുവെന്ന് ഗള്‍ഫ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്ന ബാബു മേത്തര്‍ പറഞ്ഞു. പത്രപ്രവര്ത്തകന് എന്നതിനോടൊപ്പം മികച്ച ഗായകനും കൂടിയായിരുന്നു അനന്തരാമനെന്നും കര്ണാടിക്കിലും ഹിന്ദുസ്ഥാനിയിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നതായും ബാബു മേത്തര്‍ പറഞ്ഞു. മികച്ച ഗായകരെ ഉള്‍പ്പെടെ സുഹൃത്തുക്കളോടൊപ്പം ദോഹയില്‍ നിരവധി സംഗീത പരിപാടികള്‍ സംഘടിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നതായും ബാബു മേത്തര്‍ ഓര്‍ക്കുന്നു.
ദോഹ വിമാനത്താവളത്തില്‍ ഒരു ജോര്‍ദാനിയന്‍ വിമാനം അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് താനും അനന്തരാമനും റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചാണ് ഗള്‍ഫ് ടൈംസിന്റെ മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറായ കെ എന്‍ ശര്‍മ ഓര്‍ത്തെടുത്തത്. കുലീനതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ശര്‍മ ഓര്‍ക്കുന്നു. തങ്ങള്‍ തമ്മില്‍ തൊഴിലില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നതായും എന്നാല്‍ അതൊരിക്കലും വ്യക്തിജീവിതത്തിലേക്ക് നീണ്ടിട്ടില്ലെന്നും പറഞ്ഞ ശര്‍മ അവസാന ശ്വാസം വരെ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും വിശദമാക്കി. ബോളിവുഡ്, പൗരസ്ത്യന്, പാശ്ചാത്യന്‍, ഹിന്ദുസ്ഥാനി, കര്‍ണാടിക് തുടങ്ങി എല്ലാതരം സംഗീതത്തോടും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നുവെങ്കിലും കര്‍ണാടിക് സംഗീതത്തോടായിരുന്നു കൂടുതല്‍ അടുപ്പമെന്നും ശര്‍മ പറഞ്ഞു.
താരാകാട് മഹാദേവന് അനന്തരാമന് എന്നായിരുന്നു മുഴുവന്‍ പേരെങ്കിലും ടി എം എ രാമനെന്ന പേരിലായിരുന്നു ഗള്‍ഫ് ടൈംസില്‍ എഴുതിയിരുന്നത്. അടുത്തു പരിചയമുള്ളവര്ക്കാകട്ടെ അദ്ദേഹം രാമേട്ടനായിരുന്നെന്ന് ഗള്‍ഫ് ടൈംസിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന അരവിന്ദ് നായര്‍ പറയുന്നു.
കഠിനാധ്വാനിയും മികച്ച റിപ്പോര്‍ട്ടറുമായിരുന്ന അനന്തരാമന്റെ റിപ്പോര്‍ട്ടുകള്‍ പലതും തുടക്ക കാലത്ത് ഗള്‍ഫ് ടൈംസിന് പ്രവാസി സമൂഹത്തില്‍ വേരുറപ്പിക്കാന്‍ സഹായം നല്‍കിയതായി മുന്‍ ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററും പ്രൊഡക്ഷന്‍ എഡിറ്ററുമായിരുന്ന സി പി രവീന്ദ്രന് പറഞ്ഞു.
1990ല്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ അനന്തരാമന് പിന്നീട് ദി ബിസിനസ് സ്റ്റാന്റേര്‍ഡിലും ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലും ജോലി ചെയ്തു. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട പദ്ധതികളോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ക്ലാസിക്കല്‍ സംഗീത പ്രേമികളായ സുധാ ജഗന്നാഥനും കെ ടി ജഗന്നാഥനുമായി ചേര്‍ന്ന് കര്‍ണാടിക് ദര്‍ബാര്‍ വെബ്സൈറ്റ് രൂപീകരിക്കുന്നതിലും അദ്ദേഹം പങ്കാളിയായി. കര്‍ണാടിക്, ഹിന്ദുസ്ഥാനി തുടങ്ങി 1950കള്‍ മുതല്‍ 90കള്‍വരെയുള്ള ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ സുവര്‍ണ കാലത്തെ ഒട്ടനേകം ശേഖരത്തിന് ഉടമയാണ് അദ്ദേഹം.
ഭാര്യ ലളിത അനന്തരാമന് 2017ലാണ് മരിച്ചത്. എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ ജൂനിയര്‍ വിംഗില്‍ അധ്യാപികയായിരുന്നു ലളിത അനന്തരാമന്. മുരളികുമാര്‍ അനന്തരാമന് (സിംഗപ്പൂര്‍), ഗണേഷ് അനന്തരാമന് (ചെന്നൈ), മഹേഷ് അനന്തരാമന് (ബെംഗളൂരു) എന്നിവരാണ് മക്കള്‍.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

