

കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി അഭിനേത്രി ശിവാനി ഭായ് തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ഡബ്ല്യൂ എഫ് എച്ച് സിനിമ മോഹന്‍ ലാലിന്റെ ആദ്യ സ്റ്റില്‍സുകള്‍ പകര്‍ത്തിയ പ്രശസ്ത ക്യാമറാമാന് കൂടിയായ കെ പി നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്യുന്നു. കഴിഞ്ഞ ദിവസം ബറോസിന്റെ പണിപ്പുരയില്‍ മോഹന്‍ലാലിനോടൊപ്പം ഉള്ള നമ്പ്യാതിരിയുടെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു.

കോവിഡ് കാലഘട്ടത്തില്‍ മായ എന്ന വീട്ടമ്മ സൈബര്‍ കെണികളില്‍ അകപ്പെട്ടുപോകുന്ന കഥയാണ് ചിത്രം പറയുന്നത്. വര്‍ക്ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്താണ് ഡബ്ല്യു എഫ് എച്ച്. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന സൈബര്‍ ഇടങ്ങളെ കേന്ദ്രീകരിച്ചൊരുങ്ങുന്നതാണ് ഡബ്ല്യു എഫ് എച്ചിന്റെ പ്രമേയം. ഇതൊരു മര്‍ഡര്‍ മിസ്റ്ററിയാണ്.

രാജീവ് പിള്ള, റിയാസ് ഖാന്, ബോസ് വെങ്കിട്ട്, രവി കാന്ത്, ശിവാനി ഭായ്, കനേഡിയന്‍ അഭിനേത്രി മല്ലിക ചൗധരി, താനിയ, സമ്പത്ത്, യു കെ പി, പ്രിയങ്ക റെഡ്ഡി, ആന്റണ്‍ വാനവന്‍, സഞ്ജയ് ജയ്ശങ്കര് എന്നിവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ ഐ എം വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നു. മുന്‍ ഐ പി എല്‍ താരം പ്രശാന്ത് പരമേശ്വരന്, മുന്‍ രഞ്ജി താരം പ്രശാന്ത് ചന്ദ്രന് എന്നീ ക്രിക്കറ്റ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. കന്നഡ സംഗീത സംവിധായകന് രാജ്ഭാസ്കര് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പി സി മോഹന്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. പി ആര് ഒ: പ്രതീഷ് ശേഖര്‍.

