
അങ്ങ് മാറക്കാനയില്‍ മെസ്സിയും കൂട്ടരും കോപയിലെ കൊടുങ്കാറ്റ് ആകാശത്തേക്കുയര്‍ത്തിയപ്പോള്‍ ഇങ്ങിവിടെ മലപ്പുറം പാണ്ടിക്കാട് മരാട്ടപ്പടിയില്‍ അവര്‍ ‘മെസിഹാ’യുടെ ചരിത്രം പറഞ്ഞു. അര്‍ജന്റീന മുത്തമിട്ട കപ്പിനെ കുറിച്ച് പറയുമ്പോള്‍ മെസിയും മറഡോണയും മാത്രമല്ല കാല്‍പന്തിന്റെ അര്‍ജന്റീനന്‍ ചരിത്രത്തിലൂടെയും അവരൊന്ന് പാളിക്കയറി. രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഏറ്റവും മനോഹരമായി മാറക്കാനയിലെ ആകാശത്തില്‍ തുടങ്ങി അലകടലുയര്‍ത്താത്ത സ്റ്റേഡിയവും ഭൂതകാലത്തിലെ കളിക്കണക്കും കടന്ന് കാവ്യനീതിയുടെ രഹസ്യങ്ങളിലൂടെ പറഞ്ഞു പോകുന്ന വീഡിയോയില്‍ ഫുട്ബാള്‍ പ്രേമികള്‍ കാണാനാഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.

വാമോസ് അര്‍ജന്റീനയെന്ന് ഉറക്കെപ്പാടി അവസാനിപ്പിക്കുന്ന വീഡിയോ അര്‍ജന്റീനന്‍ ആരാധകര്‍ക്കുള്ള മികച്ച ഉപഹാരമാണ്. ഞങ്ങളുടെ ദൈവമേ നിന്നോട് ഞങ്ങള്‍ നീതി കാണിച്ചിരിക്കുന്നുവെന്ന ബൈബിള്‍ ചുവയുള്ള വാചകത്തിലൂടെ കപ്പ് നേടാനാകാതെ പോയ പതിറ്റാണ്ടുകള്‍ക്കൊടുവില്‍ മറഡോണയില്ലാത്ത അര്‍ജന്റീനയുടെ പ്രാര്‍ഥനയൂടെ പൊരുള്‍ നിറച്ചുവെച്ചിട്ടുണ്ട്.
ആസഫ് അലിയും നാസര്‍ എം കെയുമാണ് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. നാസറിന്റെ വരികള്‍ക്ക് ആസഫലിയുടെ ശബ്ദം. ആസഫലിയുടെ മകന്‍ അഫ്രാസ് അലിയാണ് വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചത്.
