

കോഴിക്കോട്: പ്രവാചകനിന്ദയില്‍ രാജ്യത്ത് പ്രതിഷേധം തുടരുന്ന ചുറ്റുപാടില്‍ പള്ളിയില്‍ ജുമുഅ പ്രഭാഷണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ മയ്യിലെ പള്ളി ഭാരവാഹികള്‍ക്ക് നോട്ടീസ് നല്കിയ പൊലീസ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിച്ച സര്‍ക്കാറിന്റെ നീക്കം സന്ദര്‍ഭോചിതവും സ്വാഗതാര്‍ഹവുമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.

അങ്ങനെ ഒരു നോട്ടീസ് അനവസരത്തിലുള്ളതും എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരിക്കുകയാണ്. മയ്യില്‍ എസ് എച്ച് ഒയെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ഡി ജി പിയുടെ തീരുമാനം ഉചിതമായി. ഇങ്ങനെ ഒരു നോട്ടീസ് നല്‍കിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് കണ്ടത്തൊന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. ഇടതു സര്‍ക്കാറിന്റെ പ്രതിഛായ തകര്‍ക്കാനും സാമുദായിക സൗഹൃദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്ന് സംശയിക്കണം.

പള്ളികളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സര്‍ക്കാറിനില്ല എന്ന വിശദീകരണം ഈ വിഷയത്തില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സഹായകമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

