

കോട്ടക്കല്‍: കാഴ്ച പരിമിതിയെ അതിജയിച്ച് പ്ലസ്ടു പരീക്ഷയിലും നമിത വിജയകിരീടം ചൂടി. എടരിക്കോട് പി കെ എം എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 80 ശതമാനം കാഴ്ച പരിമിതിയുള്ള നമിത പത്താം ക്ലാസ്സിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയിരുന്നു.

തിരുവനന്തപുരം അമരവിള സ്വദേശികളായ കനകരാജിന്റെയും ഷീബ ഷൈനിയുടെയും മകളായ നമിതക്ക് ജന്മനാ ഇരു കണ്ണുകള്‍ക്കും കാഴ്ച വളരെ കുറവായിരുന്നു. പോളിടെക്നിക്ക് കോഴ്സ് കഴിഞ്ഞ നിഖിലാണ് സഹോദരന്. നിരവധി സ്ഥലങ്ങളില്‍ ചികിത്സ നല് കിയെങ്കിലും നിരാശയായിരുന്നു ഫലം. മാതാവിന് കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ തെറാപ്പിസ്റ്റായി ജോലി ലഭിച്ചപ്പോഴാണ് നമിതയുടെ കുംടുംബം കോട്ടക്കലേക്ക് താമസം മാറിയത്. എടരിക്കോട് ഗവണ്മെന്റ് ജി യു പി സ്കൂളിലും പിന്നീട് ഹൈസ്കൂള്‍ പഠനം പി കെ എം എം എച്ച് എസിലുമായിരുന്നു. കൂടുതല്‍ നേരം നോക്കിയിരുന്നാല്‍ കണ്ണുനീര് പൊഴിയുകയും ഏത് സമയവും കൃഷണമണികള്‍ ചലിച്ചു കൊണ്ടിരിക്കുന്നതും നമിതക്ക് ദുരിതമാണ്.

അധ്യാപകരുടെ പ്രത്യേക താത്പര്യത്തില്‍ നമിതക്ക് എല്ലാ വിധ പിന്തുണയും സ്കൂളില്‍ നിന്നും നല്‍കിയിരുന്നു. പരീക്ഷ എഴുതുന്നതിന് സഹായിയെ ആവശ്യമില്ലെന്ന് പറഞ്ഞ് നമിത തന്നെ പരീക്ഷ എഴുതിയതിന് കാണിച്ച ആത്മവിശ്വാസവും കഠിന പ്രയത്നവും മറ്റു വിദ്യാര്‍ഥികള്‍ക്ക് മാതൃകയാണെന്ന് നമിതയുടെ അധ്യാപകരില്‍ ഗണിത അധ്യാപകനായ ആശിഷ് പറഞ്ഞു. കൂട്ടുകാരുടെ സഹായവും പ്രോത്സാഹനവും നമിതക്ക് ലക്ഷ്യത്തിലെത്താന്‍ ഏറെ സഹായകരമായി. സ്കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോടിന്റെ നിര്‍ബന്ധത്തിലാണ് നമിത ഇവിടെ പഠനം തുടര്‍ന്നത്.
