

ദോഹ: 2016ന് ശേഷം പേള്‍ ഖത്തറില്‍ 90 മില്യന്‍ വാഹനങ്ങള്‍ പ്രവേശിച്ചതായി പേള്‍ ആന്റ് ഗെവാന്‍ അയലന്റ്‌സിന്റെ പ്രധാന ഡവലപ്പര്‍മാരായ യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി അറിയിച്ചു.

2016മായി താരതമ്യപ്പെടുത്തുമ്പോള്‍ 2021ലെ വാഹന കണക്കുകളില്‍ 77 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും 19 മില്യന്‍ വാഹനങ്ങളെങ്കിലും പേള്‍ ഖത്തറില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേള്‍ ഖത്തറിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച സാങ്കേതികമായി വളരെയധികം പുരോഗമിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വാഹനങ്ങളുടെ എണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ആറു വര്‍ഷമായി പ്രതിവര്‍ഷം 12 ശതമാനം വാഹനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. സന്ദര്‍ശകര്‍, വിനോദ സഞ്ചാരികള്‍, താമസക്കാര്‍, ജോലിക്കാര്‍ തുടങ്ങിയവരാണ് പേള്‍ ഖത്തറിലെത്തുന്നത്.

പുതിയ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ മെയ് വരെ എട്ട് മില്യന്‍ വാഹനങ്ങളാണ് പേള്‍ ഖത്തറില്‍ പ്രവേശിച്ചത്. 2016ലെ വര്‍ഷം മുഴുവനും ഒന്‍പത് മില്യന്‍ വാഹനങ്ങളാണ് പ്രവേശിച്ചത്.
ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഒന്നാം പകുതിയേക്കാള്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022നോടനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പേള്‍ ഖത്തറിലെ താമസ കേന്ദ്രങ്ങളില്‍ നിലവില്‍ 93 ശതമാനത്തിലും ആളുകളുണ്ട്. കൂടുതല്‍ പേര്‍ ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കൂടുതല്‍ താമസ കേന്ദ്രങ്ങളുടെ നിര്‍മാണത്തിന് പദ്ധതികളുണ്ട്.

