

ദോഹ: ഒരുമ കല്‍പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ സീനിയര്‍ നേതാക്കന്മാര്‍ക്കുള്ള യാത്രയപ്പും ഖത്തറിലെ വടംവലി മത്സരങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരുമ കല്‍പ്പകഞ്ചേരി വടംവലി ടീം അംഗങ്ങള്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.


പ്രസിഡണ്ട് ഹുസൈന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വക്ര ബര്‍വാ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ് റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദീര്‍ഘകാല ഖത്തര്‍ പ്രവാസം അവസാനിപ്പിക്കുന്ന ഒരുമ ഖത്തറിന്റെ സീനിയര്‍ നേതാക്കന്മാരായ ടി പി കുഞ്ഞഹമ്മദ്, നൗഷാദ് മൂപ്പന്‍ എന്നിവരെ ഡോ. സമീര്‍ മൂപ്പന്‍, ഹുസൈന്‍ അബ്ദുള്ള എന്നിവര്‍ മെമെന്റോ നല്‍കി ആദരിച്ചു.


ചുരുങ്ങിയ കാലത്തിനുള്ളില്‍ ഖത്തറിലെ വടംവലി മത്സരങ്ങളില്‍ വിജയവീഥിയില്‍ മുന്നേറുന്ന ഒരുമ കല്‍പ്പകഞ്ചേരി വടംവലി ടീമിന് നേതൃത്വം നല്‍കുന്ന സാലിഹ് എ ടിയെ ജനറല്‍ സെക്രട്ടറി ഹബീബ്‌റഹ്മാന്‍ മെമെന്റോ നല്‍കി ആദരിച്ചു.
ഒരുമ കല്പകഞ്ചേരി എക്‌സിക്യൂട്ടീവ് അംഗങ്ങളും ടീം അംഗങ്ങളും പങ്കെടുത്ത ഇഫ്താറില്‍ ആസാദ് എ പി, ഉസ്മാന്‍ മയ്യേരി, റഷീദ് തെയ്യമ്പാട്ടില്‍, ജുഹൈം രണ്ടത്താണി, ഫൈസല്‍ ഭരണികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍ സ്വാഗതവും ശംസുദ്ധീന്‍ ചെമ്പന്‍ നന്ദിയും പറഞ്ഞു.
