

കോഴിക്കോട്: സാംസ്കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 16, 17, 18 തിയ്യതികളില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. എളമരം കരീം എം പി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

ജനസംഖ്യയില്‍ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളുടെ മുന്‍കൈയിലുള്ള സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള തുടക്കമാവുമെന്ന് എളമരം കരീം എം പി പറഞ്ഞു.
വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്തു.

സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും എല്ലാ തൊഴില്‍ മേഖലകളിലുമെന്നപോലെ സിനിമയിലും പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാമൂഹ്യ സാഹചര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പി സതീദേവി പറഞ്ഞു.
കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി നടത്തുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു.
അക്കാദമി സെക്രട്ടറി സി അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് ചെയര്‍പേഴ്സണും കുക്കു പരമേശ്വരന്, അഞ്ജലി മേനോന് എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും കോഴിക്കോട് സബ് കളക്ടര്‍ ചെല്‍സ സിനി ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയുടെ ഭാഗമായി ഡെലിഗേറ്റ്, പ്രോഗ്രാം, പബ്ലിസിറ്റി, മീഡിയ തുടങ്ങിയ കമ്മിറ്റികളും രൂപീകരിച്ചു.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, സ്വര്‍ഗചിത്ര അപ്പച്ചന്, മാധവന് നായര്‍, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

