

ആലുവ: അന്യസംസ്ഥാന തൊഴിലാളി കുടുംബത്തെ സുരക്ഷിത ഭവനത്തിലേക്ക് മാറ്റി പാര്‍പ്പിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ. അന്യ സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ ബാലികയുടെ കുടുംബത്തെയാണ് നിലവില്‍ താമസിക്കുന്ന പരിതാപകരമായ വീട്ടില്‍ നിന്നും സുരക്ഷിതമായ അടച്ചുറപ്പുളള വീട്ടിലേക്ക് മാറ്റിയത്.
മാറ്റിപാര്‍പ്പിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ കുട്ടി മരിച്ച ദിവസം തന്നെ പറഞ്ഞിരുന്നു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തായിക്കാട്ടുകര ആശാരിപ്പറമ്പില്‍ ഉള്ള ഒട്ടനവധി വീടുകളുടെ നടുവിലായി ഉള്ള രണ്ടു ബെഡ് റൂം, അടുക്കള, ഹാള്‍, രണ്ടു ബാത്ത് റൂം ഉള്‍പ്പെടുന്ന മൂന്നു സെന്റ് സ്ഥലത്ത് വളരെ വിശാലമായ സൗകര്യമുള്ള വീടാണ് വാടകക്ക് എടുത്തിരിക്കുന്നത്. മാസത്തില്‍ ഏഴായിരം രൂപ വാടക അന്‍വര്‍ സാദത്ത് എം എല്‍ എയാണ് കൊടുക്കുന്നത്.
തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങി നല്‍കി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ തന്നെ മൂന്നു സെന്റ് സ്ഥലം വാങ്ങി പുതിയ വീടു പണിതു കൊടുക്കാനാണ് തീരുമാനമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും വീടിന്റെ താക്കോല്‍ കൈമാറി. പിതാവും മാതാവും കൂടാതെ മൂന്നു കുട്ടികളും ആണ് താമസിക്കുന്നത്. ചടങ്ങില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റൂബി ജിജി, തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ജമാല്‍, മെമ്പര്‍മാരായ ലൈല അബ്ദുല്‍ ഖാദര്‍, രമണന്‍ ചേലാക്കുന്ന്, സി പി നൗഷാദ്, തായിക്കാട്ടുകര സ്‌ക്കൂള്‍ കോംപ്ലക്‌സ് എല്‍.പി സ്‌ക്കൂള്‍ മാനേജര്‍ പി ബി അലികുഞ്ഞ്, മുനീര്‍, നസീര്‍ ചൂര്‍ണ്ണിക്കര, ഹസീന മുനീര്‍, സി എം യാക്കൂബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
