എന്‍ രാജേഷ് സ്മാരക മാധ്യമ പുരസ്‌കാരം ജോസി ജോസഫിന്

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാധ്യമം ന്യൂസ് എഡിറ്ററും മാധ്യമ ട്രേഡ് യൂണിയനിസ്റ്റുമായിരുന്ന എന്‍ രാജേഷിന്റെ സ്മരണക്കായി ‘മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍’ (എം ജെ യു) ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിന് ജോസി ജോസഫ് അര്‍ഹനായി. നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ഭരണകൂടങ്ങളുടെ കോര്‍പറേറ്റ് സേവ തുറന്നു കാണിച്ചതിനാണ് പുരസ്‌കാരമെന്ന് എം ജെ യു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എന്‍ രാജേഷിന്റെ ചരമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 13ന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കവി റഫീക്ക് അഹമദ് പുരസ്‌കാരം സമര്‍പ്പിക്കും. കാരവന്‍ ഓഡിയന്‍സ് ഡവലപ്‌മെന്റ് എഡിറ്റര്‍ ലീന രഘുനാഥ് എന്‍ രാജേഷ് സ്മാരക പ്രഭാഷണം നിര്‍വഹിക്കും. എം ജെ യു പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിക്കും.

- Advertisement -
Ad image

സംഘാടക സമിതി കണ്‍വീനര്‍ എം സുല്‍ഹഫ്, എം ജെ യു സെക്രട്ടറി ടി നിഷാദ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, പി പി ജുനൂബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ ജോസി ജോസഫ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയൊരു മാതൃക തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരന്തരമായ ഇടപെടലുകളിലൂടെ ഭരണവര്‍ഗ- കോര്‍പറേറ്റ് അജണ്ടകളെ തുറന്നു കാണിച്ച ജോസി പലപ്പോഴും ഭരണകൂടവേട്ടക്കും ഇരയായി. ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയവ പുറത്തുകൊണ്ടുവന്നത് ജോസിയുടെ ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകളുടെ ചരിത്രം വിശദീകരിക്കുന്ന രണ്ട് പുസ്തകങ്ങളും അദ്ദേഹം രചിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയാണ്. ഡി എന്‍ എ ഉള്‍പ്പെടയുള്ള മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസി നിലവില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്.

Share This Article
Leave a Comment
error: Content is protected !!