
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ നിര്യാതയായി. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതയായിരുന്നു.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ച മുതല്‍ അവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വ്യക്തിഗത ഡോക്ടര്‍ അറിയിച്ചിരുന്നു. നവംബര്‍ 23 മുതല്‍ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഖാലിദ സിയ ഡിസംബര്‍ 11 മുതല്‍ വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു.

ഡിസംബര്‍ 30ന് ചൊവ്വാഴ്ച സുബ്ഹി നമസ്‌ക്കാരത്തിന് പിന്നാലെയായിരുന്നു അവരുടെ അന്ത്യമെന്ന് ബി എന്‍ പി പ്രസ്താവനയില്‍ അറിയിച്ചു. അവരുടെ ആത്മാവിന് ക്ഷമ ലഭിക്കട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുവെന്നും എല്ലാവരും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി.
2026 ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശ് രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ഘട്ടത്തിലാണ് ഖാലിദ സിയയുടെ വിയോഗം. 17 വര്‍ഷത്തെ സ്വയംനാടുകടത്തലിന് ശേഷം ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത തെരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ഥിയായി കണക്കാക്കപ്പെട്ടിരുന്നു.
ഇസ്‌കന്ദര്‍ മജുമ്ദാറിന്റെയും തായിബ മജുമ്ദാറിന്റെയും മകളായ ഖാലിദ സിയ 1945 ഓഗസ്റ്റ് 15നാണ് ജനിച്ചത്. വിഭജനത്തിന് പിന്നാലെ ഇന്ത്യയിലെ ജല്‍പൈഗുരിയില്‍ ചായ വ്യാപാരം നടത്തിയിരുന്ന പിതാവ് അന്നത്തെ പശ്ചിമ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ ജില്ലയായ ഫെനിയിലാണ് സ്വദേശം. ദിനാജ്പൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും തുടര്‍ന്ന് സുരേന്ദ്രനാഥ് കോളേജിലും അവര്‍ പഠനം നടത്തി. 1960ല്‍ സിയാവുര്‍ റഹ്മാനെ വിവാഹം ചെയ്തു. 1977ല്‍ സിയാവുര്‍ റഹ്മാന്‍ ‘ബിര്‍ ഉത്തം’ ബഹുമതിയോടെ ബംഗ്ലാദേശ് രാഷ്ട്രപതിയായതോടെയാണ് ഖാലിദ സിയ അധികാരത്തിനരികിലെത്തുന്നത്.
1981ല്‍ സൈനിക കൂട്ടുപിടുത്തത്തില്‍ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഖാലിദ സിയ ബി എന്‍ പിയുടെ നേതൃത്വം ഏറ്റെടുത്തു. ബംഗ്ലാദേശിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുഖമായി അവര്‍ മാറി. ഭരണം അവസാനിപ്പിക്കാനായി 1983ല്‍ ഏഴ് കക്ഷികളുടെ സഖ്യം രൂപീകരിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1986ലെ തെരഞ്ഞെടുപ്പ് അവര്‍ തള്ളിക്കളഞ്ഞു; അവാമി ലീഗ്, ജമാഅത്തെ ഇസ്ലാമി, ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ ഭരണകൂടത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ഖാലിദ സിയ മത്സരിച്ചില്ല. 1983 മുതല്‍ 1990 വരെ ഏഴുതവണ അവര്‍ തടവിലാക്കപ്പെട്ടു. ബി എന്‍ പിയുടെ വിദ്യാര്‍ഥി വിഭാഗമായ ജാതിയോതാബാദി ചാത്ര ദള്‍ (ജെ സി ഡി) ശക്തിപ്പെടുത്തിയതോടെ രാജ്യത്തെ 321 വിദ്യാര്‍ഥി യൂണിയനുകളില്‍ 270ല്‍ വിജയം നേടാന്‍ സംഘടനക്ക് സാധിച്ചു.
1991 ഫെബ്രുവരി 27ന് നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ഖാലിദ സിയ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. 1996ല്‍ ബി എന്‍ പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 116 സീറ്റുകള്‍ നേടി ബംഗ്ലാദേശ് പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷമായി മാറിഇത് രാജ്യചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായി.
വീണ്ടും അധികാരത്തിലെത്താനുള്ള ലക്ഷ്യത്തോടെ 1999ല്‍ ജാതിയ പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി, ഇസ്ലാമി ഓഇക്യ ജോട്ട് എന്നിവരുമായി ചേര്‍ന്ന് നാലുകക്ഷി പ്രതിപക്ഷ സഖ്യം രൂപീകരിച്ചു. ഭരണത്തിലുള്ള അവാമി ലീഗിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. 2001ല്‍ ഖാലിദ സിയ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഫോര്‍ബ്‌സ് മാസിക അവരെ 29-ാം സ്ഥാനത്ത് ഉള്‍പ്പെടുത്തി. 2006ല്‍ അവര്‍ പദവി ഒഴിഞ്ഞ് അധികാരം കെയര്‍ടേക്കര്‍ സര്‍ക്കാറിന് കൈമാറി.
2007 സെപ്റ്റംബറില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ ഖാലിദ സിയയെ അറസ്റ്റ് ചെയ്തു. സിയ ഓര്‍ഫനേജ് ട്രസ്റ്റ്, സിയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴിമതി കേസുകളില്‍ 2018ല്‍ 17 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതോടെയും അവര്‍ രാജ്യം വിട്ടോടിയതോടെയും ഖാലിദ സിയ ജയില്‍ മോചിതയായി.

