
ദോഹ: ഖത്തറിന്റെ ലോജിസ്റ്റിക്‌സ് സാമ്പത്തിക വളര്‍ച്ചയ്ക്കും ‘വിഷന്‍ 2030’ വൈവിധ്യവത്ക്കരണ തന്ത്രത്തിനും നിര്‍ണായക സംഭാവന നല്‍കുന്ന പ്രാദേശിക ട്രാന്‍ഷിപ്പ്‌മെന്റ് ഹബ്ബെന്ന നിലയില്‍ ഹമദ് തുറമുഖം വേഗത്തില്‍ സ്ഥാനം ഉറപ്പിക്കുന്നു.
വ്യവസായ വിദഗ്ധരും അടുത്തകാലത്തെ ഔദ്യോഗിക കണക്കുകളും സൂചിപ്പിക്കുന്നതുപോലെ ട്രാന്‍സിറ്റ് കാര്‍ഗോയുടെ വര്‍ധനയും ആഗോള ഷിപ്പിംഗ് ബന്ധങ്ങളുടെ വ്യാപനവും രാജ്യത്തിന്റെ മുഖ്യ സമുദ്ര ഗേറ്റ് വേയായ ഹമദ് തുറമുഖത്തിലെ വളര്‍ച്ചയ്ക്ക് ശക്തി നല്‍കുകയാണ്.

2025-ല്‍ ട്രാന്‍ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്നു. ഹമദ് തുറമുഖത്തെ മുന്‍നിരയില്‍ നിര്‍ത്തി ഖത്തറിലെ തുറമുഖങ്ങള്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്‌മെന്റുകളില്‍ സ്ഥിരമായ വര്‍ധന രേഖപ്പെടുത്തി. ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകള്‍ക്കിടയില്‍ ഖത്തറിനോടുള്ള വര്‍ധിച്ച വിശ്വാസം പ്രതിഫലിപ്പിക്കുന്നു. അടുത്ത മാസങ്ങളില്‍ ട്രാന്‍ഷിപ്പ്‌മെന്റ് വോള്യങ്ങള്‍ ഇരട്ട അക്ക ശതമാനത്തില്‍ ഉയര്‍ന്നത്, പ്രാദേശിക ലോജിസ്റ്റിക്‌സ് ഹബ്ബെന്ന നിലയില്‍ രാജ്യത്തിന്റെ ആകര്‍ഷണം ശക്തിപ്പെടുത്തുന്നു.

കിഴക്ക്- പടിഞ്ഞാറ്, വടക്ക്- തെക്ക് എന്നീ പ്രധാന സമുദ്ര വ്യാപാര പാതകളുടെ സംഗമ സ്ഥാനത്തുള്ള തന്ത്രപ്രധാനമായ സ്ഥാനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, കൈകാര്യം ചെയ്യുന്ന സാങ്കേതികവിദ്യകള്‍ എന്നിവ ചേര്‍ന്നാണ് ഹമദ് തുറമുഖത്തിന് വേഗത്തിലുള്ള ടേണ്‍അറൗണ്ട് സമയവും ഉയര്‍ന്ന ശേഷിയും സാധ്യമാക്കിയിരിക്കുന്നത്.
മത്സരക്ഷമത കൂടുതല്‍ ഉറപ്പിക്കുന്ന തരത്തില്‍, 2024-ലെ കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഹമദ് തുറമുഖം ഗള്‍ഫില്‍ ഒന്നാം സ്ഥാനവും ലോകതലത്തില്‍ 11-ാം സ്ഥാനവും നേടി. ആഗോള കണ്ടെയ്നര്‍ തുറമുഖങ്ങളിലെ പ്രവര്‍ത്തന കാര്യക്ഷമതയും സേവന ഗുണനിലവാരവും വിലയിരുത്തുന്ന പ്രധാന മാനദണ്ഡമാണിത്.
2025 സെപ്റ്റംബറില്‍ ഖത്തറിലെ തുറമുഖങ്ങളിലെ ട്രാന്‍ഷിപ്പ്‌മെന്റ് വോള്യങ്ങള്‍ 12 ശതമാനം ഉയര്‍ന്നു. പ്രാദേശികവും അന്താരാഷ്ട്രവുമായ വ്യാപാരത്തില്‍ ഹമദ്, ദോഹ, അല്‍ റുവൈസ് തുറമുഖങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നതിന്റെ തെളിവാണിത്.
ഈ മൂന്ന് തുറമുഖങ്ങള്‍ ചേര്‍ന്ന് ആ മാസം 1,24,740 ട്വന്റി-ഫുട് ഇക്വിവലന്റ് യൂണിറ്റുകള്‍ കൈകാര്യം ചെയ്തു. ഓഗസ്റ്റിനെ അപേക്ഷിച്ച് ട്രാന്‍ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. റോള്‍-ഓണ്‍/ റോള്‍-ഓഫ് കൈകാര്യം ചെയ്യല്‍ മാസംതോറും ഏകദേശം 34 ശതമാനം ഉയര്‍ന്നപ്പോള്‍, ജനറnും ബള്‍ക്കും ചരക്ക് 45,000 ടണ്ണ് കൈവരിച്ചു.
തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലും ആധുനിക ലോജിസ്റ്റിക്‌സ് ശേഷികളിലും നടത്തിയ നിക്ഷേപങ്ങളുടെ ഫലപ്രാപ്തിയും രാജ്യത്തിന്റെ സമുദ്ര മേഖലയുടെ പ്രതിരോധശേഷിയും ഈ ശക്തമായ പ്രകടനം അടയാളപ്പെടുത്തുന്നതായി മവാനി ഖത്തര്‍ അറിയിച്ചു. സെപ്റ്റംബറില്‍ മാത്രം ഖത്തറിലെ തുറമുഖങ്ങള്‍ 12,397 റോറോ വാഹന യൂണിറ്റുകള്‍, 3,881 കന്നുകാലികള്‍, 36,879 ടണ്‍ നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ കൈകാര്യം ചെയ്തു. ആ മാസം മൂന്ന് തുറമുഖങ്ങളിലും 231 കപ്പലുകള്‍ എത്തിച്ചേര്‍ന്നതോടെ കപ്പല്‍ ഗതാഗതം ശക്തമായി തുടരുകയുണ്ടായി.
ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഖത്തറിലെ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ ചരക്ക് ഗതാഗത സമയം കുറയുകയും സപ്ലൈ ചെയിന്‍ കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യുന്നു. കയറ്റുമതി, പുനര്‍കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്കും തുറമുഖങ്ങള്‍ നിര്‍ണായക പിന്തുണ നല്‍കുന്നുണ്ടെന്നും ഇതുവഴി പ്രാദേശിക വ്യവസായങ്ങള്‍ അന്താരാഷ്ട്ര വിപണികളിലെത്താനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
സെപ്റ്റംബറിലെ ഈ നേട്ടങ്ങള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ രേഖപ്പെടുത്തിയ ശക്തമായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണെന്ന് വിലയിരുത്തുന്നു.
2025-ലെ ആദ്യ പകുതിയില്‍ ഖത്തറിലെ തുറമുഖങ്ങളിലൂടെ നടന്ന ട്രാന്‍ഷിപ്പ്‌മെന്റ് വോള്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം ഉയര്‍ന്നു. മൊത്തം കണ്ടെയ്നര്‍ കൈകാര്യം 7,42,000 ടിഇയുവിന് മുകളിലെത്തി. ഇതില്‍ ഏകദേശം 3,68,000 ടിഇയു ഹമദ് തുറമുഖം വഴിയായിരുന്നു. ആഗോള വ്യാപാരത്തിലേക്കുള്ള ഖത്തറിന്റെ മുഖ്യ കവാടമെന്ന നിലയില്‍ തുറമുഖത്തിന്റെ പങ്ക് ഇതിലൂടെ കൂടുതല്‍ ഉറപ്പിച്ചു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ തുറമുഖങ്ങള്‍ 8,10,000 ടണ്ണിലധികം ജനറല്‍, ബള്‍ക്ക് ചരക്കുകളും ഏകദേശം 57,000 റോറോ യൂണിറ്റുകളും, 3,51,000-ത്തിലധികം കന്നുകാലികളും, ഏകദേശം 3,26,000 ടണ്‍ നിര്‍മ്മാണ സാമഗ്രികളും കൈകാര്യം ചെയ്തു. ഈ കാലയളവില്‍ കപ്പല്‍ വരവ് 12 ശതമാനം ഉയര്‍ന്ന് 1,487 ആയി. ഖത്തറിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെയും സേവനങ്ങളിലെയും ആഗോള ഷിപ്പിംഗ് ലൈനുകളുടെ വിശ്വാസം വര്‍ധിച്ചതിന്റെ സൂചനയാണിത്.
അതിവേഗവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ചരക്ക് കൈകാര്യം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക സൗകര്യങ്ങളിലേക്കും കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യകളിലേക്കുമുള്ള തുടര്‍ച്ചയായ നിക്ഷേപങ്ങളാണ് ഹമദ് തുറമുഖത്തിന്റെ വളര്‍ച്ചാ പാത നിര്‍ണയിച്ചത്. കുവൈത്ത്, ഇറാഖ് തുടങ്ങിയ അപ്പര്‍ ഗള്‍ഫ് വിപണികളിലേക്കും ഒമാനിലേക്കുള്ള തെക്കന്‍ ബന്ധങ്ങളിലേക്കും ചരക്ക് നീക്കത്തിന് തുറമുഖം വിപുലമായ അവസരങ്ങള്‍ ഒരുക്കുന്നു. കൂടാതെ സമുദ്ര ടൂറിസത്തിനുള്ള ഒരു പ്രധാന കവാടമായും സമുദ്രബന്ധിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും തുറമുഖം കൂടുതല്‍ സജീവമായി മാറിക്കൊണ്ടിരിക്കുന്നു.
2024-ലെ പ്രകടനത്തിലും തുറമുഖത്തിന്റെ വ്യാപകമായ സ്വാധീനം വ്യക്തമായിരുന്നു. ആ വര്‍ഷം ട്രാന്‍ഷിപ്പ്‌മെന്റ് പ്രവര്‍ത്തനം വര്‍ഷാന്തര അടിസ്ഥാനത്തില്‍ 23 ശതമാനം ഉയര്‍ന്നു. മൊത്തം കണ്ടെയ്നര്‍ കൈകാര്യം 10 ശതമാനം വര്‍ധിച്ച് 14.55 ലക്ഷം ടിഇയുവിലെത്തി. റോറോ യൂണിറ്റുകള്‍ 62 ശതമാനം ഉയര്‍ന്നപ്പോള്‍ കന്നുകാലി വോള്യങ്ങള്‍ 22 ശതമാനം വര്‍ധിച്ചു. അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളില്‍ ഹമദ് തുറമുഖം നേടിയ വിശ്വാസവും അതിന്റെ ഉയര്‍ന്നുവരുന്ന പ്രാധാന്യവും ഈ ഫലങ്ങള്‍ അടയാളപ്പെടുത്തി.

