
ദോഹ: കായിക ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളും അവയുടെ സാമൂഹിക- സാംസ്‌ക്കാരിക മൂല്യാധിഷ്ഠിത പങ്കും പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ സമര്‍പ്പിച്ച പൊതുചര്‍ച്ചാ അപേക്ഷ ശൂറ കൗണ്‍സില്‍ പരിഗണിച്ചു. സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം ശൂറാ കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ചു.

ഖത്തര്‍ പരമപ്രാധാന്യം നല്‍കുന്നത് മനുഷ്യരുടെ സമഗ്ര വികസനമാണെന്നും പ്രത്യേകിച്ച് കുട്ടികളേയും യുവാക്കളേയും മുന്‍നിര്‍ത്തിയുള്ള പരിചരണമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ദീര്‍ദര്‍ശിത്വ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഖത്തര്‍ ദേശീയ വീക്ഷണം 2030 കൈവരിക്കാനുള്ള അടിസ്ഥാന തൂണുകളാണ് യുവതലമുറയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി, ചൂഷണം, ശാരീരിക- മാനസിക- ആത്മീയ അവഗണന എന്നിവയില്‍ നിന്ന് സംരക്ഷിച്ച് യുവതലമുറയുടെ കഴിവുകള്‍ വിവിധ മേഖലകളില്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടുകളിലായി വിവിധ മേഖലകളില്‍, പ്രത്യേകിച്ച് കായിക രംഗത്ത് ഖത്തര്‍ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി മനുഷ്യ- ഭൗതിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിന്റെ ഫലമാണെന്നും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ ദേശീയ വീക്ഷണം 2030 കൈവരിക്കുന്നതില്‍ കായിക ക്ലബ്ബുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണെന്നും സ്പീക്കര്‍ പറഞ്ഞു.

