

ദോഹ: സി കെ ചന്ദ്രപ്പന്റെ സ്മരണാര്‍ഥം യുവകലാസാഹിതി ഖത്തറും നോവ ഹെല്‍ത്ത് കെയറും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ നിര്‍വഹിച്ചു.

പ്രവാസികള്‍ക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം ഉദ്യമങ്ങള്‍ മാതൃകാപരവും ശ്ലാഘിനിയവുമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ഖത്തര്‍ പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് കുമാര്‍ നന്ദി പറഞ്ഞു. നോവ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ റെയ്മോന്‍ ബാസ്റ്റിന്‍, ഡോ. ബോണി ടോം എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം ക്യാമ്പിന് നേതൃത്വം നല്‍കി.

നോര്‍ക്ക രജിസ്‌ട്രേഷനും പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ രജിസ്‌ട്രേഷനും യുവകലാസാഹിതി വനിതാ വേദി സെക്രട്ടറി ഷാന ലാലു നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍സ് കെ ഇ ലാലു, ജീമോന്‍ ജേക്കബ്, രജി പുത്തൂറാന്‍, മോഹന്‍ ജോണ്‍, ഇബ്രൂ ഇബ്രാഹിം, രഘുനാഥ് എന്നിവരടങ്ങിയ ഭാരവാഹികള്‍ ക്യാമ്പ് നിയന്ത്രിച്ചു.
