ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്‌തെന്ന പരാതിയില്‍ ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രഹിന്ദുത്വ വാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്രങ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവരെന്ന് വിളിച്ചതിനാണ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

city exchange

മതവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍, ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

- Advertisement -
Ad image

സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് സി പി എം രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈര്‍. ഡല്‍ഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവുണെന്ന് സി പി എം പ്രതികരിച്ചു.

മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങള്‍ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആള്‍ട്ട് ന്യൂസ് എന്നും തരൂര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!