
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഫ്‌ളക്‌സ് കീറിയതുമായി ബന്ധപ്പെട്ട് ഉണ്ടായ മര്‍ദനത്തില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. എഫ് ഐ ആറില്‍ വധശ്രമം കൂടി പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരു ലീഗ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായിരുന്നു. നേരത്തെ ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍, രണ്ട് ലീഗ് പ്രവര്‍ത്തകര്‍, രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരടക്കമുള്ളവരാണ് അറസ്റ്റിലായിരുന്നത്.

രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് എഫ്ഐ ആറില്‍ പറയുന്നത്. സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ നജാഫിന്റെ മൊഴിയില്‍ ജിഷ്ണുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപത്തിന് ശ്രമിച്ചതിനും ഫ്‌ളക്‌സും കൊടിയും നശിപ്പിച്ചതിനുമാണ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട മര്‍ദനം ഉണ്ടായി എന്ന പരാതി വന്നത്.
ജിഷ്ണുവിനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതിന് രാഷ്ട്രീയ നിറം നല്‍കുകയായിരുന്നു എന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ നജാഫും മറ്റ് നാല് പേരുമാണ് ഇവിടെയുണ്ടായിരുന്നത്.

