Connect with us

Community

പി എ മുബാറക്കിനെ ഇന്ത്യന്‍ മീഡിയാ ഫോറം അനുസ്മരിച്ചു

Published

on


പി എ മുബാറക്ക്‌

ദോഹ: സദാ പുഞ്ചിരി തൂകുന്ന മുഖവുമായി എത്തിയിരുന്ന പി എ മുബാറക്ക് മാധ്യമ രംഗത്തു മാത്രമല്ല ദോഹയിലെ വാണിജ്യ സര്‍ക്കാര്‍ തലങ്ങളിലും മലയാളികള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം അനുസ്മരണ യോഗത്തില്‍ ഓര്‍മിച്ചു.


ദോഹ വരും കാലത്ത് അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ വലിയ സ്ഥാനം നേടുമെന്ന് 1990കളുടെ അവസാനത്തില്‍ തന്നെ പി എ മുബാറക്ക് റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്നും അക്കാലമാണ് ഇപ്പോഴുള്ളതെന്നും കെ യു ഡബ്ല്യു ജെ സംസ്ഥാന മുന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. 2006ല്‍ ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ എല്ലാ സഹായവും ചെയ്ത് കൂടെയുണ്ടായിരുന്നത് പി എ മുബാറക്കായിരുന്നുവെന്നും അന്ന് ദോഹയിലെത്തിയ ഇ അഹമ്മദ് തന്റെ ഒരു വാര്‍ത്തയ്ക്ക് തലക്കെട്ട് നല്കിയ കാര്യവും കമാല്‍ വരദൂര്‍ ഓര്‍ത്തു. അതോടൊപ്പം തനിക്കു പറ്റിയ ഒരു കുഴപ്പത്തിന് സ്വയം കുറ്റമേറ്റെടുത്ത് ഇ അഹമ്മദിനോട് എക്‌സ്‌ക്യൂസ് പറഞ്ഞ് കൂടെയുള്ളവരെ സംരക്ഷിക്കാനും പി എ മുബാറക്ക് മഹാമനസ്‌ക്കത കാണിച്ചതായും അദ്ദേഹം പറഞ്ഞു.


എറണാകുളം പ്രസ്‌ക്ലബ്ബും കോഴിക്കോട് ചന്ദ്രികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയവും പിതാവിനോടുള്ള സഹവാസവുമാണ് തന്റെ ജ്യേഷ്ഠന്റെ സ്വഭാവ രൂപീകരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയതായി പി എ മുബാറക്കിന്റെ ഇളയ സഹോദരനും കൊച്ചി ചന്ദ്രിക മുന്‍ ന്യൂസ് എഡിറ്ററും എറണാകുളം പ്രസ് ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി എ മെഹബൂബ് പറഞ്ഞു. ചന്ദ്രികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടറായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് ജ്യേഷ്ഠനും എറണാകുളം പ്രസ് ക്ലബ്ബുമായി ഏറെ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം ഓര്‍ത്തു. വിദ്യാര്‍ഥിയായിരിക്കെ തന്നെ തന്റെ പിതാവ് നടത്തിയിരുന്ന പത്രത്തില്‍ എഡിറ്റോറിയല്‍ ഉള്‍പ്പെടെ പി എ മുബാറക്ക് എഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരുമായി ബന്ധപ്പെട്ട് 1978 വരെ അദ്ദേഹം കൊച്ചു പത്രക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. എറണാകുളം പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കാം ഖത്തറില്‍ ഐ എം എഫിന്റെ രൂപീകരണ കൂട്ടായ്മയ്ക്ക് അദ്ദേഹം കൂടി മുന്‍കൈയെടുക്കാനുള്ള കാരണമെന്നും പി എ മെഹബൂബ് കൂട്ടിച്ചേര്‍ത്തു.


മാധ്യമ രംഗത്തു മാത്രമല്ല പല രംഗത്തും എന്‍സൈക്ലോപീഡിയയായിരുന്നു പി എ മുബാറക്കെന്നും സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല ഖത്തറിലെ ബിസിനസുകാര്‍ക്കിടയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായും ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ഓര്‍ത്തു. മുമ്പുകാലത്ത് മലയാളികളുടെ സാംസ്‌ക്കാരിക പരിപാടികള്‍ക്ക് അനുമതി ലഭിക്കാന്‍ മുബാറക്കായിരുന്നു മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.


അഹമ്മദ് പാതിരിപ്പറ്റ ആമുഖ പ്രസംഗം നടത്തി. ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ഭാരവാഹികളായ പി ആര്‍ പ്രവീണ്‍, ഷരീഫ് സാഗര്‍, സാദിക്ക് ചെന്നാടന്‍, വേണുഗോപാല്‍, റഈസ് അഹമ്മദ്, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, അബ്ദുല്‍ ഖാദര്‍ കക്കുളത്ത്, നൗഷാദ് അതിരുമട എന്നിവര്‍ പി എ മുബാറക്കിനെ അനുസ്മരിച്ചു.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി സി സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐ എം എ റഫീക്ക് സ്വാഗതവും ട്രഷറര്‍ ഷഫീക്ക് അറക്കല്‍ നന്ദിയും പറഞ്ഞു.


error: Content is protected !!