പ്രവാസികള്‍ നിരന്തരം വഞ്ചിക്കപ്പെടുന്ന സമൂഹം: ഷാഫി പറമ്പില്‍

Web Desk
2 Min Read

ദോഹ: നിരന്തരം വഞ്ചിക്കപ്പെടുന്ന സമൂഹമാണ് പ്രവാസികളെന്ന് ഷാഫി പറമ്പില്‍. വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഷാഫി പറമ്പിലിന് ഖത്തറില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്രവാസികള്‍ നാടിനു നല്‍കിയ കാര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് വാഗ്ദാനങ്ങളല്ലാതെ തിരിച്ചു കിട്ടിയിട്ടില്ല. വിമാന ടിക്കറ്റ് നിരക്കില്‍ പോലും പ്രവാസികള്‍ വഞ്ചിക്കപ്പെടുകയാണ്. പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല വിദേശത്തു നിന്നും മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ പോലും വന്‍ തുകയാണ് വാങ്ങുന്നത്.

താനൊരു ഡിസിഷന്‍ മേക്കറൊന്നുമല്ലെങ്കിലും പ്രശ്‌നങ്ങള്‍ ഡിസിഷന്‍ മേക്കര്‍മാരുടെ മുമ്പിലെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

- Advertisement -
Ad image

വടകര മണ്ഡലത്തില്‍ പ്രവാസി വോട്ട് നിര്‍ണായകമായതു പോലെ പ്രവാസിക്കു വേണ്ടി ശബ്ദമുയര്‍ത്തുക എന്നതും ഏറ്റവും അത്യാവശ്യമുള്ളതാണെന്ന കാര്യവും തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് താന്‍ തിരിച്ചറിയുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വടകര മണ്ഡലത്തിലുള്ളവരുടെ സ്‌നേഹം വടകയിലും ഷാര്‍ജയിലും ദോഹയിലും താന്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

സാധിക്കുന്നവര്‍ നാട്ടില്‍ വന്ന് വോട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അത്രയും നിര്‍ണായകമായതിനാല്‍ വരണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. കുറഞ്ഞ റേറ്റില്‍ ടിക്കറ്റ് കിട്ടുമെങ്കില്‍ പരമാവധി പേരെ എത്തിക്കാന്‍ ശ്രമിക്കണമെന്നാണ് കെ എം സി സിയോടും ഇന്‍കാസിനോടും അഭ്യര്‍ഥിക്കുന്നതായും ഷാഫി വ്യക്തമാക്കി.

ഷാഫി പോകുന്നിടത്തെല്ലാം ആളുകള്‍ കൂടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താന്‍ സിനിമാ നടനൊന്നുമല്ലെന്നും ഇന്ത്യ നിലനില്‍ക്കണമെന്ന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുന്നവരാണ് ആള്‍ക്കൂട്ടമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജ് പരിപാടിക്ക് വരുന്ന ആള്‍ക്കൂട്ടമല്ല അവരെന്നും കൃത്യമായ രാഷ്ട്രീയ ബോധമുള്ളവരാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തങ്ങള്‍ പറയുന്ന പൊളിറ്റിക്സിനോടൊപ്പമാണ് അവര്‍ നില്‍ക്കുന്നത്.
സ്ഥാനാര്‍ഥി പട്ടികയില്‍ വൈകിയെത്തിയ ആളായതിനാല്‍ തന്നെ വേഗത കൂട്ടിയാണ് ഓടുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സി എ എ വിഷയത്തില്‍ കേരള നിയമസഭയില്‍ ഉള്‍പ്പെടെ പാസാക്കിയ പ്രമേയത്തില്‍ സംസാരിച്ചയാളാണ് താനെന്നും ഫലസ്തീനു വേണ്ടിയും സി എ എയ്ക്ക് എതിരെയും താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്ക് എടുത്തു നോക്കിയാല്‍ മാത്രം മതിയാകും കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഇന്ത്യയുടെ ഭരണഘടനയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് താനെന്നു പറഞ്ഞ ഷാഫി പറമ്പില്‍ പാലക്കാട് ബി ജെ പി അക്കൗണ്ട് തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍ മതേതര മനസ്സുകളുടെ പിന്തുണയോടെയാണ് താന്‍ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്നിലെത്തുന്നവരുടെ ജാതിയോ മതമോ അല്ല പരിഗണിക്കാറുള്ളതെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ വിഷയം ശബ്ദിക്കാത്തവരുടെ കൂട്ടത്തില്‍ താനുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!