

ദോഹ: ദേശീയ രാഷ്ട്രീയത്തില്‍ വളരെ ഗുണപരമായ മാറ്റങ്ങളുണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് അഹമ്മദ് കബീര്‍ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ചലനങ്ങളെ പുറമെ നിന്നു മാത്രം നോക്കി തീരുമാനിക്കുന്നത് ശരിയല്ല. ഇപ്പോഴത്തെ എല്ലാ പ്രചാരണങ്ങളും ആര്‍ എസ് എസിനും ബി ജെ പിക്കും അനുകൂലമാണ് എന്നത് ശരിയാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ കുറേക്കൂടി വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്തുന്നുണ്ട് എന്ന കാര്യം കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ട്. ഇത് ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ നേതൃത്വമുണ്ടായിട്ടില്ല എന്നത് ശരിയാവാം. എന്നാല്‍ വോട്ട് ചെയ്യുന്നത് നേതാക്കളല്ല, ജനങ്ങളാണ് എന്നതിനാല്‍ മാറ്റം സ്വാഭാവികമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ളതു പോലുള്ള അവസ്ഥ തുടരും എന്നത് ദുഷ്പ്രചാരണമാണ്. ഇന്ത്യയില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ ശേഷിയുള്ള പലരും പ്രത്യേകിച്ച് ഹൈക്കോടതി ജഡ്ജിമാരും സുപ്രിം കോടതി ജഡ്ജിമാരും ഉള്‍പ്പെടെ റിട്ടയര്‍ ചെയ്തതിന് ശേഷം നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവരൊക്കെ വലിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി സംസാരിക്കുന്നുണ്ടെന്നും.
അഭിപ്രായ രൂപീകരണം നടത്താന്‍ സാധിക്കുന്നവര്‍ പലരും ഇപ്പോഴത്തെ ഭരണ കൂടത്തിന് എതിരാണ്. ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്ക് നേരെ വിരുദ്ധമാണ് ഇപ്പോഴത്തെ അവസ്ഥ. പ്രതിലോമകരമായ തീവ്രവലതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യ താത്പര്യങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. മാത്രമല്ല ജനവിരുദ്ധമായ സമീപനവും എതിര്‍ക്കപ്പെടുന്നുണ്ട്.
മാറ്റം ആഗ്രഹിക്കുന്നവരുടെ പ്രാദേശിക പ്രതിഫലനമാണ് കര്‍ണാടകയില്‍ കണ്ടത്. കര്‍ണാടകയില്‍ സംഭവിച്ചത് രാഷ്ട്രീയ വിജയം മാത്രമല്ല. ഇത്തരം സിവില്‍ സംഘടനകളുടെ ഐക്യപ്പെടലും പ്രചാരണ രീതിയുമൊക്കെ ചേര്‍ന്നതാണത്. അതുകൊണ്ടുതന്നെ നിരവധി പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ഐക്യപ്പെടേണ്ട ആളുകള്‍ ഐക്യപ്പെട്ടില്ലെങ്കിലും ഫലപ്രദമായ നീക്കം നടന്നില്ലെങ്കിലും ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇന്നത്തെ ഭരണകൂടത്തെ മാറ്റുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണിക്ക് നേതൃത്വമില്ലെന്നത് മറ്റൊരു പ്രചരണ തന്ത്രമാണ്. ഇന്ത്യയില്‍ യുവജന നേതൃത്വം വളര്‍ന്നു വരുന്നുണ്ട്. അതു കാണാതെ പോകരുത്. രാഹുല്‍ ഗാന്ധിയും അഖിലേഷും തേജസ്വിയും സചിന്‍ പൈലറ്റും ആദിത്യ താക്കറെയും ഉള്‍പ്പെടെ യുവനേതൃത്വം ഇന്ത്യയില്‍ വളര്‍ന്നു വരുന്നുണ്ട്. ഇവിടെ ഭരണ മാറ്റമാണ് വരാന്‍ പോകുന്നത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഭരണ പരാജയം ഉറപ്പാണെന്ന് അറിയുന്നതുകൊണ്ടാണ് അവര്‍ പല നടപടികളും സ്വീകരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിന് എങ്ങനെയാണ് നേതൃത്വമുണ്ടായത്. ജനങ്ങള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അതില്‍ നിന്നും നേതൃത്വം ഉയര്‍ന്നുവരികയാണ് ചെയ്തത്. ഓരോ വ്യക്തിയും നേതാവായി വളരുകയാണ് ചെയ്യുക.
ഈ നില തുടരുന്നത് രാജ്യത്തിനും രാജ്യതാത്പര്യത്തിനും ദോഷമായതിനാല്‍ രാഷ്ട്രീയ മാറ്റത്തിന് സാധ്യതയുണ്ട്.
അഞ്ച് പതിറ്റാണ്ടായി യു ഡി എഫ് മുന്നണിക്ക് മുസ്‌ലിം ലീഗ് നേതൃത്വം കൊടുക്കുന്നുണ്ട്. ബാഫഖി തങ്ങളും കരുണാകരനും ഉണ്ടാക്കിയ മുന്നണിയാണ് യു ഡി എഫെന്നും അത് തകര്‍ക്കുന്ന രീതിയിലുള്ള ഒന്നും ലീഗ് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനം. ഓരോ ഘട്ടത്തിലും ഉചിതമായ തീരുമാനമെടുക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് അറിയാമെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.
ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണമെന്നാണ് ബുദ്ധിയുള്ളവര്‍ പറയുന്നത്. അന്നത് ചെയ്യാത്തതുകൊണ്ടാണ് ഇന്ന് ബി ജെ പി അധികാരത്തിലെത്തിയത്. അതിന്റെ ഫലമായാണ് വിദ്യാഭ്യാസ രംഗത്തെ അച്ചടമക്കില്ലായ്മയും, പൊതു മേഖലയുടെ തകര്‍ച്ചയും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

