
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചെന്ന് ഇറാന്‍. ഹോര്‍മുസിന്റെ അതിര്‍ത്തി പങ്കിടുന്ന ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ അനുകൂല ദിശയിലാണെന്നും ഇറാന്‍ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ജൂണ്‍ മാസത്തില്‍ ഒപ്പുവെച്ച ധാരണാപത്രത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം താത്ക്കാലികമായി അവസാനിച്ചിരുന്നുവെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ തെഹ്‌റാന്റെ നിയന്ത്രണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക ഇറാനെതിരെ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍ നടന്നത്.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഈയുടെ നേതൃത്വത്തില്‍ തെഹ്‌റാനില്‍ ഇറാനും ഒമാനും തമ്മിലുള്ള വിദേശകാര്യ ഉപമന്ത്രിമാരുടെ ചര്‍ച്ചകള്‍ നിരവധി ഘട്ടങ്ങളിലായി നടന്നതായി അധികൃതര്‍ അറിയിച്ചു.
ജൂണില്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളില്‍ നിന്ന് സേവനനിരക്ക് ഈടാക്കുന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഇറാനും ഒമാനും അറിയിച്ചിരുന്നുവെങ്കിലും ഈ നീക്കത്തെ അമേരിക്ക എതിര്‍ത്തിരുന്നു. ഒമാന്റെ സമുദ്രമേഖലയിലൂടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കാമെന്ന് മസ്‌കത്ത് വ്യക്തമാക്കിയതോടെ തെഹ്‌റാന്‍ അതൃപ്തി പ്രകടിപ്പിക്കുകയും തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും ചെയ്തിരുന്നു.
ആക്‌സിയോസ് വാര്‍ത്താ വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ 14-ാം രാത്രിയിലും ആക്രമണം തുടരാനുള്ള പദ്ധതി അമേരിക്കന്‍ പ്രതിരോധ വകുപ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചിരുന്നെങ്കിലും പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നതിന് അദ്ദേഹം അനുമതി നല്‍കിയില്ല. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഒമാന്‍ പ്രതിനിധി സംഘം തെഹ്‌റാനിലെത്തിയതിനെ തുടര്‍ന്നാണ് ആക്രമണം താത്ക്കാലികമായി നിര്‍ത്താന്‍ ട്രംപ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

