
ന്യൂഡല്‍ഹി: അതിശക്തമായ മഴ തുടരുന്ന ഉത്തരാഖണ്ഡില്‍ വ്യാപകമായ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്ത്രണ്ടു പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മരിച്ചവരില്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മഴ ശക്തമായി പെയ്യുന്നത്.

നൈനിറ്റാള്‍ ജില്ലയിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം നടന്നതെന്നാണ് കരുതുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. കേന്ദ്ര- സംസ്ഥാന ദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നൈനിറ്റാള്‍ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു. മഴ വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
ബദരീനാഥ് തീര്‍ഥാടനത്തിനെത്തിയ രണ്ടായിരം പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥ ശാന്തമാകുന്നത് വരെ ആരും ക്ഷേത്ര ദര്‍ശനത്തിന് എത്തരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

