മോന്‍സണ്‍ മാവുങ്കലിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

Web Desk
1 Min Read

കൊച്ചി:തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ കൊച്ചി കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്.

city exchange

മുട്ടത്തറ സ്വദേശിയായ ശില്‍പി സുരേഷ് കലൂരിലെ വീട്ടിലെത്തി ഇയാള്‍ നിര്‍മിച്ചു നല്‍കിയ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. അതിനിടെ ടെലിവിഷന്‍ ചാനലിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മോന്‍സണിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെ, കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കുമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും. നേരത്തേ മോന്‍സനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യാജരേഖകള്‍ ചമക്കാന്‍ സഹായിച്ചവരെ കുറിച്ച് കൃത്യമായ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇയാളുടെ ബന്ധുവാണ് ഇതിനായി സഹായം ചെയ്തതെന്നാണ് വിവരം. ഭൂമി പാട്ടത്തിന് നല്‍കാമെന്ന പേരില്‍ ഒരു കോടി 72 ലക്ഷം രൂപ മോന്‍സണ്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ രാജീവിന്റെ മൊഴിയാണ് ഇന്നലെ പ്രധാനമായും രേഖപ്പെടുത്തിയത്. പരാതിക്കാരുടെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കുന്ന നടപടികളാണ് മുന്നോട്ട് പോകുന്നത്. മോന്‍സണ്‍ നേരിട്ടും സഹായികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയും നടത്തിയ ഇടപാടുകളുടെ രേഖകളും പരിശോധിച്ച് വരികയാണ്.

Share This Article
Leave a Comment
error: Content is protected !!