

ചെമ്മാട്: എല്ലാ മതസ്ഥര്‍ക്കും അവരുടെ വേഷവും സംസ്‌കാരവും ചിട്ടയും പാലിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യത്ത് ദീര്‍ഘകാലം അവ അനുഭവിച്ച ഭൂതകാലമുളള ദേശത്ത് പൊടുന്നനെ പ്രശ്‌നമാകുമ്പോള്‍ അത് പ്രശ്‌നവത്കരിക്കപ്പെടുകയാണ് എന്നാണ് മനസ്സിലാക്കേണ്ടതെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ് എസ് എഫ് സംസ്ഥാന പ്രീ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അപ്പോഴാണ് സ്വാതന്ത്ര്യം പൂര്‍ണമാകുക. ഇസ്‌ലാമിക സ്ത്രീകളുടെ വേഷവിധാനം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്‌സാബിലെ 59-ാം സൂക്തം വിശ്വാസിനികളുടെ വേഷത്തിന്റെ അടിസ്ഥാന നിയമം പഠിപ്പിക്കുന്നവയാണ്. ഇസ്‌ലാമില്‍ ഹിജാബ് സംസ്‌കാരം ഇല്ല എന്ന് പറയുന്നവര്‍ മത വിഷയങ്ങളില്‍ ആധികാരികമായി അറിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍, ദേശീയ സെക്രട്ടറി എം അബ്ദുര്‍ റഹ്മാന്‍, എ പി മുഹമ്മദ് അശ്ഹര്‍, സി കെ റാശിദ് ബുഖാരി എന്നിവര്‍ സംസാരിച്ചു.

