വിഴിഞ്ഞം; സമരക്കാരുടെ അംഗീകരിക്കാവുന്ന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്ന് എ വിജയരാഘവന്‍

Web Desk
2 Min Read

ദോഹ: വിഴിഞ്ഞം സമരക്കാര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളില്‍ അംഗീകരിക്കാന്‍ സാധിക്കുന്നതെല്ലാം ഇതിനകം സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞതായി സി പി എം മുന്‍ ആക്ടിംഗ് സെക്രട്ടറിയം പൊളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍.

city exchange

വിഴിഞ്ഞം തുറമുഖം പൂട്ടിപ്പോകണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്താല്‍ അതിന് ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാവില്ല. ഒത്തുതീരാനാവുന്ന മുദ്രാവാക്യങ്ങളിലാണ് സമരം ചെയ്യേണ്ടത്. ഒരിക്കലും നടപ്പാക്കാനാവാത്ത മുദ്രാവാക്യങ്ങളല്ല സമരത്തില്‍ പ്രയോഗിക്കേണ്ടത്. അതുകൊണ്ടുതന്നെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാറിന് പരാജയമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം നടത്തുന്നവരില്‍ പക്വമായ സമര രീതി തീരെയില്ലെങ്കില്‍ തീവ്രവാദി പരാമര്‍ശം പോലുള്ളവയുണ്ടാകും. അതിനെ അങ്ങനെയാണ് കാണേണ്ടത്. സമരനേതൃത്വത്തിന്റെ അപക്വതയില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്.

- Advertisement -
Ad image

മികച്ച സ്‌കോറിംഗ് വൈഭവത്തേയും മികച്ച നീക്കത്തേയുമാണ് താന്‍ പിന്തുണക്കുന്നതെന്നും നല്ല ഫുട്ബാളിനേയാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഗോളടിക്കുന്നയാളുടെ മാത്രം കഴിവുകൊണ്ടല്ല, നിരവധി കളിക്കാരുടെ പിന്തുണയാണ് ആ ഗോളെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യ കളിക്കാത്തതിനാല്‍ ഏത് കളിയേയും പിന്തുണക്കാം. ഇന്ത്യയോ കേരളമോ കളിക്കുമ്പോള്‍ താന്‍ ഇന്ത്യയുടേയും കേരളത്തിന്റേയുമൊക്കെ ആരാധകനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫുട്ബാള്‍ ആരാധന അതിരുകടന്നുപോയോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ആഗോള രീതിയിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. വിശ്വപൗരനാവുക എന്നത് ലോകകപ്പ് ഫുട്ബാളിന്റെ കാലത്തെങ്കിലും മലയാളിക്ക് സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് കാണാന്‍ ഖത്തറിലെത്താന്‍ സാധിച്ചത് ഇന്ത്യയുമായി വളരെ അടുത്തായതിനാലാണെന്നും ഇതിനു മുമ്പ് ലോകകപ്പ് മത്സരങ്ങളൊന്നും നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാള്‍ സാധാരണക്കാരനായ മനുഷ്യന്റെ ആഘോഷമാണ്. മിഡില്‍ ഈസ്റ്റില്‍ കളി നടക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് കൈയെത്തി പിടിക്കാവുന്ന ദൂരത്ത് ലഭിച്ചു എന്നത് പ്രത്യേകതയാണ്. ജനകീയ സ്വഭാവത്തിലാണ് ഖത്തറില്‍ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. വളരെ ചെറിയൊരു രാജ്യത്ത് മികച്ച രീതിയില്‍ സംഘാടനം നടത്തിയത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വ ഇടപെടലുകളിലൂടെ ലോകത്തെ ഓരോ കോണിലൂടെയും ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ് പുതിയ കാലത്തെ സ്ഥിതിവിശേഷം. മിഡില്‍ ഈസ്റ്റിന് ചുറ്റും നിരന്തരം യുദ്ധങ്ങള്‍ നടക്കുകയാണ്. അതിനിടയിലാണ് ലോകത്തെ ഒന്നിപ്പിക്കുന്ന വിധത്തില്‍ ഖത്തറില്‍ ലോകകപ്പ് അരങ്ങേറുന്നത്. സിറിയ, ഇറാന്‍, യമന്‍ തുടങ്ങി യുക്രെയ്ന്‍ വരെ എത്തി നില്‍ക്കുന്നതിലെല്ലാം സമാധാനം തകര്‍ക്കപ്പെടുന്നുണ്ട്. അതിനിടയില്‍ സമാധാനം നിലനിര്‍ത്തുന്ന വിധത്തിലാണ് ഖത്തര്‍ ലോകകപ്പ് വരുന്നത്.

ലോകത്തെല്ലായിടത്തുമുള്ള സംഗീതവും നൃത്തവുമെല്ലാം ലോകകപ്പിനോടനുബന്ധിച്ച് ഖത്തറില്‍ കൊണ്ടുവന്നതും ശ്രദ്ധേയമാണ്. സംസ്‌ക്കാരവും കലയുമെല്ലാം ഖത്തറില്‍ ഒന്നിച്ചു കൊണ്ടുവന്നാണ് ഫിഫ ലോകകപ്പ് ഇവിടെ സംഘടിപ്പിക്കുന്നതെന്നത് കൗതുകകരമാണ്. ഖത്തറിന്റേത് മാത്രമല്ല ലോകത്തിന്റെ സംസ്‌ക്കാരങ്ങളെല്ലാം ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കളിയിലും രാഷ്ട്രീയം കയറിവരുന്നെന്ന ആരോപണം അടിസ്ഥാനമില്ലാത്തതും അറിവില്ലാത്തതുമാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തില്‍ കായിക മേഖലയ്ക്ക് ഇടതുമുന്നണി വന്നതിന് ശേഷം മന്ത്രിയെ തന്നെ നിയമിച്ചു. ഇപ്രാവശ്യത്തെ സന്തോഷ് ട്രോഫി മലപ്പുറത്ത് സംഘടിപ്പിച്ചത് മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. മലപ്പുറത്തെ സന്തോഷ് ട്രോഫി വന്‍ വിജയമായിരുന്നു.

സ്‌പോര്‍ട്‌സിന്റെ രാഷ്ട്രീയം പണവും ലാഭവുമുണ്ടാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ കായിക രാഷ്ട്രീയം നടപ്പാക്കുന്നതും ലാഭമുണ്ടാക്കുന്നതും അഡിഡാസ് കമ്പനിയാണ്. ഇന്ത്യയില്‍ ക്രിക്കറ്റാണ് ഇത്തരത്തില്‍ പണമുണ്ടാക്കുന്ന രാഷ്ട്രീയം. ഏത് കളിയുടെ പിന്നിലും കച്ചവട താത്പര്യമുണ്ട്. അത് കമ്പോളത്തിന്റെ ഭാഗമാണ്. ഇങ്ങനെയാണെങ്കിലും പാവപ്പെട്ടവന്റെ ജീവിതാഹ്ലാദങ്ങളില്‍ കളിയും കായികവും കടന്നുവരുന്നു. വളരെ ചുരുങ്ങിയ ചെലവില്‍ കളിക്കാവുന്ന ഗെയിമാണ് ഫുട്ബാളെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവാര്‍ത്ത ലോകകപ്പ് സ്‌പെഷ്യല്‍ ഡ്രിബ്ള്‍ എ വിജയരാഘവന് സമ്മാനിച്ചു.

Share This Article
Leave a Comment
error: Content is protected !!