

കൊല്ലം: വിവിധ സമുദായങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന ഇന്ത്യയില്‍ മുഴുവന്‍ മനുഷ്യരെയും ചേര്‍ത്ത് പിടിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാധ്യക്ഷനായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. കൊല്ലം ബീച്ചില്‍ കെ എന്‍ എം സംഘടിപ്പിച്ച ബലി പെരുന്നാള്‍ നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കിയ ശേഷം ഖുതുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ സവിശേഷത. ലോകോത്തരമായ ഒരു ഭരണഘടനയും നമക്കുണ്ട്. അതെല്ലാം സംരക്ഷിക്കപ്പെടണം. വര്‍ഗ്ഗീയതക്കും തീവ്രവാദത്തിന്നുമെതിരില്‍ നാമൊന്നിച്ച് നില്‍ക്കണം.
മഹാനായ അബ്രഹാം പ്രവാചകന്റെ ത്യാഗോജ്ജ്വല മായ ചരിത്രം അയവിറക്കുന്ന ഈ ബലിപെരുന്നാളില്‍ നന്‍മയുടെ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുവാന്‍ വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈയിടെ കുവൈത്തിലുണ്ടായ ദുരത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ആദരാഞ്ജലികളര്‍പ്പിച്ചു. പരേക്കറ്റവരുടെ ശമനത്തിന്ന് വേണ്ടി പ്രാര്‍ഥിച്ചു.
ഇസ്രയേല്‍ ഗാസ്സയില്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരില്‍ ലോകരാഷ്ടങ്ങള്‍ ശക്തമായ നിലപാടെടുക്കണമെന്നും ഇമാം ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ നടന്ന ഏറ്റവും വലിയ പെരുന്നാള്‍ നമസ്‌കാരമായിരുന്നു ഇത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഇന്ന് കാലത്ത് കൊല്ലം ബീച്ച് ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന്നെത്തിയത്.

