
വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ആശ്വാസമായി മൂന്ന് ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം നല്‍കാന്‍ സൗദി അറേബ്യന്‍ തീരുമാനം. അടുത്ത ആഴ്ചയ്ക്കുള്ളില്‍ ഈ തുക ലഭ്യമാകുമെന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചത്.

പാകിസ്താന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസീബും സൗദി ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദാനും തമ്മിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വാഷിങ്ടണില്‍ നടന്ന ഐ എം എഫ്- വേള്‍ഡ് ബാങ്ക് സമ്മേളനത്തിനിടെയായിരുന്നു ഇരുരാജ്യങ്ങളുടേയും കൂടിക്കാഴ്ച.

നിലവിലുള്ള അഞ്ച് ബില്യണ്‍ ഡോളര്‍ സൗദി നിക്ഷേപവും കൂടുതല്‍ അനുകൂല വ്യവസ്ഥകളോടെ ദീര്‍ഘകാലത്തേക്ക് നീട്ടാന്‍ തീരുമാനമായി. മുമ്പ് വര്‍ഷംതോറും പുതുക്കേണ്ടി വന്നിരുന്ന ഈ നിക്ഷേപം ഇനി കൂടുതല്‍ സ്ഥിരത നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, ഈ മാസം അവസാനം യു എ ഇയ്ക്ക് പാകിസ്ഥാന്‍ മൂന്നര ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കേണ്ടതുണ്ട്. നിലവില്‍ ഏകദേശം 16.4 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണയശേഖരം.
സൗദിയും ഖത്തറും ചേര്‍ന്ന് ഏകദേശം അഞ്ച് ബില്യണ്‍ ഡോളറിന്റെ പിന്തുണ നല്‍കുന്നതോടെ പാകിസ്താന്റെ സാമ്പത്തിക സമ്മര്‍ദ്ദം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനമാകുമ്പോഴേക്കും വിദേശ നാണയശേഖരം 18 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അതേസമയം, 1.4 ബില്യണ്‍ ഡോളറിന്റെ യൂറോ ബോണ്ട് കടം തിരിച്ചടച്ചതായും ധനമന്ത്രി അറിയിച്ചു.

