

ദുബൈ: പാസ്‌പോര്‍ട്ടും വിസയുമില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പാമ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസ് മുടക്കി. ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കാന്‍ തയ്യാറെടുത്ത വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ സംഗതി ഗുലുമാലായി.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. സന്ദര്‍ശക വിസയില്‍ യു എ ഇയിലെത്തി മടങ്ങുകയായിരുന്നവരെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാവാത്തതിനാല്‍ അവരെ വിമാനത്താവളത്തില്‍ നിര്‍ത്തുകയായിരുന്നു.

വിമാന യാത്രയ്ക്ക് തയ്യാറെടുത്ത പാമ്പിനെ എത്ര അന്വേഷിച്ചിട്ടും അധികൃതര്‍ക്ക് കണ്ടെത്താനാവാതെ വന്നതോടെ വിമാന യാത്ര അനിശ്ചിതമായി വൈകി. വിമാനത്തില്‍ പാമ്പ് കടന്നുകൂടിയതെങ്ങനെയെന്ന് വ്യക്തമല്ല.

