

കുവൈത്ത് സിറ്റി: അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചിരുന്ന ഇളവാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇപ്പോള്‍ എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിയന്തരമായി നാട്ടിലേക്കു വരാനിരിക്കുന്നവര്‍ക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നതാണ് പുതിയ തീരുമാനം. നാട്ടിലുള്ള ബന്ധുക്കളുടെ മരണം ഉള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്കായി യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് പി സി ആര് പരിശോധനയില്ലാതെ യാത്ര ചെയ്യുന്നതിന് നേരത്തേ അനുമതി നല്‍കിയിരുന്ന ഇളവാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതിനായി എയര്‍ സുവിധയില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക ഓപ്ഷന് വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ യാത്രക്ക് മുന്‍പ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിബന്ധന. വ്യക്തി വിവരങ്ങള്‍ക്ക് പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കൊറോണ പരിശോധന ഫലവും അപ്ലോഡ് ചെയ്യണം. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല. പകരം എയര്‍ സുവിധയുടെ സെറ്റില്‍ എക്സംപ്ഷന്‍ എന്ന ഭാഗത്ത് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു. ഇതാണ് ഒഴിവാക്കിയിരിക്കുന്നത്.

വെബ് സൈറ്റില്‍ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി ‘എയര്‍ സുവിധയിലെ എക്്സംപ്ഷന് ഫോം നിര്‍ത്താലാക്കി’ എന്നാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി നാട്ടില്‍ എത്തേണ്ടവര്‍ക്ക് കോവിഡ് പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്ഥ വലിയ തടസ്സങ്ങള്‍ക്ക് കാരണമാകും. പല രാജ്യങ്ങളിലും പത്ത് മണിക്കൂറിലേറെ വേണം ഫലം ലഭിക്കാന്‍. 24 മണിക്കൂര്‍ വരെയാണ് ആശുപത്രി അധികൃതര്‍ പറയുന്ന സമയം.
നാട്ടിലെ വിമാനത്താവളങ്ങളില്‍ വേറെ പരിശോധന നടത്തുമ്പോഴും വിദേശത്തുനിന്ന് പരിശോധന നടത്തണമെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്നത് ശരിയായ നടപടിയല്ല. ഇപ്രകാരം നാട്ടിലേക്ക് വരുന്ന എല്ലാ പ്രവാസികളും എയര്‍ സുവിധയില്‍ റജിസ്റ്റര്‍ ചെയ്യണം. റജിസ്ട്രേഷന് നടപടികള്‍ക്ക് പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്കി ഇനി റജിസ്റ്റര്‍ ചെയ്യാനാകില്ല. ആയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഒഴിവാക്കിയ നടപടി പിന്‍വലിച്ച് പ്രവാസി സമൂഹത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ്, കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി, ജനറല്‍ സെക്രട്ടറി അരുള്‍ രാജ് എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

