

ദോഹ: ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ കേരള സര്‍ക്കാര്‍ ഒരു ലക്ഷം കുട്ടികള്‍ക്ക് പരിശീലനവും വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിനും നടത്തുന്നു. കേരള കായിക വകുപ്പിന് കീഴില്‍ ആയിരം കേന്ദ്രങ്ങളിലായി നൂറ് വീതം കുട്ടികള്‍ക്കാണ് നവംമ്പര്‍ 11 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ദശദിന അടിസ്ഥാന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പത്തിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം. മികവ് പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ പരിശീലനവും നല്‍കും.

ഖത്തറില്‍ ലോകഫുട്ബോള്‍ മാമാങ്കത്തിനു തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യപ്പെടും.

നവംബര്‍ 20നും 21നുമായി ക്യാമ്പയിനിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതുസമൂഹവും ചേര്‍ന്നാണ് ഗോളുകള്‍ അടിക്കുക. 20ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കും 21ന് രാവിലെ ഒന്‍പതു മുതല്‍ 12 വരെ സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് ഗോളടിക്കാന്‍ അവസരമൊരുക്കുന്നത്. സന്തോഷ് ട്രോഫി മുന്‍ അംഗങ്ങളാണ് ക്യാമ്പയിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

