

ഷിംല: മുന്‍ കേന്ദ്ര ടെലിക്കോം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സുഖ്‌റാമിന്റെ കൊച്ചുമകനും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവുമായ ആശ്രയ് ശര്‍മയാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്.

ഹിമാചലിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന സുഖ്‌റാം 1993 മുതല്‍ 96 വരെ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയും ടെലികോം മന്ത്രിയുമായിരുന്നു. 1984ല്‍ രാജീവ്ഗാന്ധി സര്‍ക്കാരിലും മന്ത്രിയായിരുന്നു. മൂന്നു തവണ ലോക്‌സഭയിലേക്കും അഞ്ചു തവണ നിയമസഭയിലേക്കും മത്സരിച്ചു ജയിച്ച അദ്ദേഹം 1963 മുതല്‍ 1984 വരെ മാണ്ഡിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഹിമാചലില്‍ മൃഗക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ ജര്‍മനിയില്‍ നിന്ന് പശുക്കളെ വാങ്ങി സംസ്ഥാനത്ത് വിതരണം ചെയ്തത് ശ്രദ്ധേയമായിരുന്നു.
2011ല്‍ കേന്ദ്ര മന്ത്രിയായിരിക്കെ അഴിമതിക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചിരുന്നു.
മെയ് നാലാം തിയ്യതിയാണ് മൊഹായില്‍ സുഖ്‌റാമിന് മസ്തിഷ്‌ക്കാഘാതം സംഭവിച്ചത്. തുടര്‍ന്ന് മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഖ്‌റാമിനെ ശനിയാഴ്ചയാണ് വിമാന മാര്‍ഗ്ഗം വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ എത്തിച്ചത്.
