

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിവര്‍ണ്ണം തിരുവോണം എന്ന പേരില്‍ സംഘടിപ്പിടിപ്പിച്ച ഓണാഘോഷം പരിപാടിയിലെ വ്യത്യസ്തത കൊണ്ട് നവ്യാനുഭവമായി മാറി. ചെണ്ടമേളം, മാവേലി മന്നന്റെ എഴുന്നള്ളത്ത്, തിരുവാതിര, സംഘനൃത്തം, നാടന്‍ പാട്ടുകള്‍, പൂക്കളം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറിയ ഇന്‍കാസ് ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ടും കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.

ത്രിവര്‍ണ്ണം തിരുവോണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്്കാരിക ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ ഉദ്ഘാടനം ചെയതു. ഐക്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ഓണാഘോഷം പകര്‍ന്ന് നല്കുന്നതെന്നും ഖത്തറിലെ മലയാളികള്‍ക്കിടയിലും ഈ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണെന്നും പി എന്‍ ബാബുരാജന്‍ പറഞ്ഞു.

ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡണ്ട് വിനോദ് വി നായര്‍, ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, വൈസ് പ്രസിഡണ്ടുമാരായ പ്രദീപ് പിള്ളൈ, വി എസ് അബ്ദുറഹ്മാന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജയ്പാല്‍ തിരുവനന്തപുരം എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. കലാ പരിപാടികള്‍ക്ക് വിവിധ ജില്ലാ കമ്മിറ്റികള്‍ നേതൃത്വം നല്‍കി.

