

അങ്കമാലി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ എറണാകുളം ജില്ലയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമ സടക് യോജന പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു തീരുമാനിച്ചു. പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് ബെന്നി ബഹനാന്‍ എം പി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും പദ്ധതി നിര്‍വഹണ യൂണിറ്റ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

അങ്കമാലി, വാഴക്കുളം, കൂവപ്പടി ബ്ലോക്കുകളില്‍ മൂന്നു വീതവും പാറക്കടവ്, വടുകോട് ബ്ലോക്കില്‍ ഒന്നു വീതവും ആകെ 11 റോഡുകളാണ് പി എം ജി എസ് വൈ സ്‌കീമില്‍ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളുടെ നിര്‍മ്മാണത്തിന് 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറ് മീറ്റര്‍ വീതിയില്‍ കേന്ദ്ര ഗ്രാമീണ റോഡ് നിര്‍മ്മാണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തികള്‍ ചെയ്യുന്നത്. നിര്‍മ്മാണാനന്തരം അഞ്ചുവര്‍ഷത്തെ പരിപാലന ചുമതലയും കരാറുകാരില്‍ല്‍ നിക്ഷിപ്തമാണ്. ജില്ലയില്‍ പി എം ജി എസ് വൈ സ്‌കീമില്‍ കൂടുതല്‍ റോഡുകളും ഫണ്ടും അനുവദിച്ചിട്ടുള്ളത് ചാലക്കുടി മണ്ഡലത്തിലെ ഭാഗങ്ങളിലാണ്.

യോഗത്തില്‍ ബെന്നി ബഹനാന്‍ എം പി അധ്യക്ഷത വഹിച്ചു. റോജി എം ജോണ്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, അനുമോള്‍ ബേബി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി അന്റൂ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ പി അജയകുമാര്‍ (രായമംഗലം), ബിജു പാലാട്ടി (മൂക്കന്നൂര്‍), ജിതി രാജീവ് (തുറവൂര്‍), ലതിക ശശികുമാര്‍ (കറുകുറ്റി), എസ് വി ജയദേവന്‍ (പാറക്കടവ്), മിനി ബാബു (കൂവപ്പടി), എന്‍ ബി ഹമീദ് (വെങ്ങോല), മൂക്കന്നൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി എം വര്‍ഗീസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

