

കോഴിക്കോട്: കേരള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ ആതവനാട് പഞ്ചായത്ത് നല്‍കുന്ന കുട്ടി കര്‍ഷനുള്ള അവാര്‍ഡ് മര്‍കസ് റൈഹാന്‍വാലി വിദ്യാര്‍ഥി ദില്‍ഷാദ് വളാഞ്ചേരിക്ക്. ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ ആതവനാട് കൃഷി ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തിരൂര്‍ എം എല്‍ എ കുറുക്കോളി മൊയ്തീന്‍ പുരസ്‌കാരം സമ്മാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ ടി പി, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സുമയ്യ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കര്‍ഷകനായിരുന്ന ഖാലിദ് കെ സിയുടെയും സൈനബയുടെയും മകനായ ദില്‍ഷാദ് പിതാവില്‍ നിന്നാണ് കൃഷി പാഠങ്ങള്‍ സ്വായത്തമാക്കിയത്. 2020ല്‍ മട്ടുപാവ് കൃഷിയില്‍ സംസ്ഥാന പുരസ്‌ക്കാരം ഖാലിദ് നേടിയിരുന്നു. ഒഴിവുവേളകളിലെ ദില്‍ഷാദിന്റെ കൃഷിയിലൂടെയാണ് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ കാര്‍ഷിക രംഗത്ത് ശ്രദ്ധേയനായ വിദ്യാര്‍ഥിയെ മര്‍കസു സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി എന്നിവര്‍ അനുമോദിച്ചു. റൈഹാന്‍ വാലി സ്റ്റുഡന്റസ് യൂണിയന്‍ ‘ഹിറ’ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.

