

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് പ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന കൊരട്ടിയിലെ 72 ഏക്കര്‍ ഭൂമി കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ പുതിയ പദ്ധതിയായ എമേര്‍ജിങ് ഫ്യൂച്ചര്‍ ടെക്‌നോളജി ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ നേരില്‍കണ്ട് പദ്ധതി നിര്‍ദ്ദേശം കൈമാറി. പദ്ധതിക്ക് അനുകൂലമായ പ്രതികരണമാണ് ബന്ധപ്പെട്ട മന്ത്രിയില്‍ നിന്നും ലഭിച്ചതെന്ന് എം പി പറഞ്ഞു.

സാങ്കേതിക സ്ഥാപനങ്ങള്‍, നൈപുണ്യ വികസന പങ്കാളികള്‍, ഡിജിറ്റല്‍ ടെക്‌നോളജി സര്‍വകലാശാലകള്‍, ഗവേഷണ സംഘടനകള്‍ എന്നിവയെ ഒന്നിപ്പിക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സംസ്ഥനത്തിന്റെ സാങ്കേതിക മേഖലയെ ഏകോപിപ്പിക്കുകയും തൊഴില്‍, ജീവിത നിലവാരം മെച്ചപ്പെടുത്തികൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും എം പി മന്ത്രിയെ ധരിപ്പിച്ചു.

പ്രധാനമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക് ക്ലസ്റ്റര്‍, ബിഗ് ഡാറ്റ ആന്‍ഡ് ക്ലൗഡ് കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജി ആന്‍ഡ് ഐ ഒ ടി, ക്വാണ്ടം ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ് മുതലായ ഘടകങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‌സിന്റെ കീഴില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഈ സെന്റര്‍ ഓഫ് എക്‌സലന്‍സ് ക്ലസ്റ്ററില്‍ ഓരോന്നിലും ഐ ടി കമ്പനികള്‍, ഗവേഷണ വികസന ലാബുകള്‍, നൈപുണ്യ വികസന സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍ക്യുബേറ്ററുകള്‍, ആവശ്യമായ ഏതെങ്കിലും പൊതു ഇന്‍ഫ്രാ/ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ, പാര്‍പ്പിട സമുച്ചയങ്ങള്‍, ഷോപ്പിംഗ് സമുച്ചയങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയും ഈ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ഏതാണ്ട് 3150 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപവും 50,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും 1,00,000 ലധികം പേര്‍ക്ക് പരോക്ഷമായുള്ള തൊഴിലവസരങ്ങളും ലഭിക്കുമെന്നും പദ്ധതി രേഖ കൈമാറിക്കൊണ്ട് എം പി പറഞ്ഞു.

