

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ രണ്ടു വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അനുവദിച്ച ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം എട്ടാം തിയ്യതി നടക്കും. 44 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് ഉച്ചക്ക് രണ്ടു മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ചടങ്ങില്‍ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

നിലവിലുള്ള ചോര്‍ന്നൊലിക്കുന്ന പഴയ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടില്‍ തന്നെയാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് അനായാസം ഓഫീസില്‍ കയറുന്നതിന് റാമ്പും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചത്.
