അരക്ഷിതം കാബൂള്‍

Web Desk
1 Min Read

കാബൂള്‍: ഒരു ഭാഗത്ത് രാജ്യത്തിന്റെ അസ്ഥിരത, മറ്റൊരിടത്ത് താലിബാനെ ഭയന്ന് പലായനത്തിനൊരുങ്ങുന്ന ജനങ്ങള്‍. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും അമേരിക്കന്‍ പട്ടാളവും. ഇതിനെല്ലാമിടയിലാണ് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്.

city exchange

ദരിദ്രരും നിരാലംബരുമായ ഒരു ജനവിഭാഗമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്. ഭരണമാറ്റമോ അധികാരത്തിനു വേണ്ടിയുള്ള രക്തച്ചൊരിച്ചിലുകളോ ഇക്കാലത്തിനിടയില്‍ അവര്‍ക്ക് നഷ്ടമല്ലാതെ മറ്റൊന്നും നല്കിയിട്ടില്ല. ഇസ്‌ലാമിന്റെ പേരില്‍ മതത്തിലില്ലാത്ത അടിച്ചേല്‍പ്പിക്കലുകള്‍ക്ക് ശ്രമിക്കുന്ന താലിബാന്‍ ഒരു വശത്തും സാമ്രാജ്യത്വ ശക്തികളുടെ പാവകളായി ഭരണം കൈയാളുന്നവര്‍ മറുവശത്തുമായി ബലാബലം മത്സരിക്കുമ്പോള്‍ ഇടയില്‍പ്പെട്ടു പോവുകയാണ് ഈ പാവം ജനങ്ങള്‍.

വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് പുക ഉയരുന്നു
കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്നുള്ള പുക

നാടും വീടും വിട്ട് പോകേണ്ടി വരുന്നവരുടെ മാനസികാവസ്ഥ ഇവരെയെല്ലാം ജീവച്ഛവങ്ങളാക്കിയിട്ടുണ്ട്. അതിനിടയിലാണ് ശരീരങ്ങളെ ചിതറിത്തെറിപ്പിക്കുന്ന സ്‌ഫോടനങ്ങളും അരങ്ങേറുന്നത്. എങ്ങോട്ടു പോകണമെന്നറിയാതെ വിമാനങ്ങളില്‍ തൂങ്ങി നിന്നുപോലും രക്ഷപ്പെടാമെന്ന് കരുതുന്ന ഒരു ജനവിഭാഗത്തെയാണ് അഫ്ഗാനില്‍ ലോകം കണ്ടത്. ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ജനങ്ങളെയാണ് ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. അഫ്ഗാനികളുടെ മുഖങ്ങളിലെല്ലാം ഇപ്പോള്‍ കടുത്ത ഭയമാണ് കൂടുകൂട്ടിയിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലെ കടുത്ത ഭയം.

- Advertisement -
Ad image
സ്‌ഫോടനത്തില്‍ പരുക്കേറ്റയാളെ കാറില്‍ നിന്നും പുറത്തേക്കെടുത്ത് ആശുപത്രിയിലേക്കെത്തിക്കുന്ന മെഡിക്കല്‍ ആശുപത്രി ജീവനക്കാരന്‍

എവിടെയായിരിക്കും ഇവര്‍ക്ക് രക്ഷ കിട്ടുക. ഒഴിപ്പിച്ചെടുത്തവര്‍ പല രാജ്യങ്ങളിലായി കഴിയുമ്പോള്‍ സ്വന്തവും ബന്ധവുമൊക്കെ ഇല്ലാതായിപ്പോകുന്ന വേരുകള്‍ നഷ്ടപ്പെട്ടു പോയ ഒരു സമൂഹമായി അഫ്ഗാനികള്‍ മാറുന്നു. പലായനത്തിന്റെ ആള്‍ക്കൂട്ടങ്ങളില്‍ ഇവര്‍ ഓരോ തുരുത്തുകളായി അവസാനിക്കുന്നു. മണ്ണ് വിഭജിച്ചെടുത്തവര്‍ക്ക് മനുഷ്യ മനസ്സുകളില്‍ ജയം നേടാനാവാതെ പോകുന്ന പതിവ് സാമ്രാട്ടുകളുടെ കഥ ഇവിടേയും ആവര്‍ത്തിക്കുന്നു.

(ഫോട്ടോകള്‍ക്ക് കടപ്പാട്)

Share This Article
Leave a Comment
error: Content is protected !!