

കൊച്ചി: കേരളത്തിലെ നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ഫസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന ഹൗസ്‌കീപ്പിംഗ് പ്രൊഫഷനലുകളുടെ സംഘടനയായ കേരള പ്രൊഫഷനല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന്‍ (കെ പി എച്ച് എ) എട്ടാമത് വാര്‍ഷിക പരിപാടികള്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം പി വിശിഷ്ടാതിഥിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം ഹൗസ്‌കീപ്പിംഗ് എക്‌സിക്യുട്ടീവുകള്‍, വിവിധ ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍, പര്‍ച്ചേസ് മാനേജര്‍മാര്‍, ആതിഥേയ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയേഴ്സ് ഫോറത്തില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രൊഫഷനല്‍ ഹൗസ്‌കീപ്പര്‍മാരുടെ ദേശീയ സംഘടനയായ പ്രൊഫഷനല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന്‍ (പി എച്ച് എ) കേരള ചാപ്റ്ററിനും സംഗമത്തില്‍ തുടക്കമായി. സംസ്ഥാനത്തെ ആതിഥേയ, ആതുരശുശ്രൂഷാ മേഖലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മാലിന്യസംസ്‌കരണ വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു. ഹൗസ്‌കീപ്പിംഗ് എക്സിക്യൂട്ടീവുമാരില്‍ നിന്ന് ജനറല്‍ മാനേജര്‍മാരായി ഉദ്യോഗക്കയറ്റം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
രണ്ടു മാസമായി കൊച്ചയിലേയും മൂന്നാറിലേയും ഹൗസ്‌കീപ്പിംഗ് സ്റ്റാഫംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ബെഡ് മേക്കിംഗ്, ടവല്‍ ആര്‍ട്ട്, പേപ്പര്‍ ഒറിഗാമി മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി, അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എം ഡി റിയാസ് അഹമ്മദ്, അവന്യൂ റീജന്റ് എം ഡി ഒ ടി അലക്സാണ്ടര്‍, മേഫ്ളവര്‍ ഹോട്ടല്‍സ് (പ്രസിഡന്‍സി) എം ഡി ഫിലിപ്പ് മാത്യു, പി എച്ച് എ സ്ഥാപക പ്രസിഡന്റ് ജയശ്രീ നാഗരാജ്, റിനൈ ഹോസ്പിറ്റാലിറ്റി വൈസ് പ്രസിഡന്റ് അച്യുതന്‍ മേനോന്‍, നിയുക്ത കെ ടി എം സെക്രട്ടറിയും ദ്രവീഡിയന്‍ ട്രേഡ്സ് എം ഡിയുമായ സ്വാമിനാഥന്‍ സീതാറാം, കെ പി എച്ച് എ പ്രസിഡന്റ് ബിന്ദു പ്രവീഷ്, സെക്രട്ടറി രൂപേഷ്, ട്രഷറര്‍ ബീനാ സതീഷ്, പി എച്ച് എ തെലങ്കാന ഹെഡ് നിത മഹാപത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

