നാളികേര കൃഷിയെ തകര്‍ക്കുന്ന റൂട്ട്-വില്‍റ്റ് രോഗം: സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രം

Web Desk
1 Min Read

ആലുവ: നാളികേര കൃഷിയെ തകര്‍ക്കുന്ന റൂട്ട്-വില്‍റ്റ് രോഗത്തിന് ശാശ്വത പരിഹാരം കാണാന്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലോക്‌സഭയില്‍ ബെന്നി ബഹനാന്‍ എം പിയുടെ ഉപ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

city exchange

രാജ്യത്തെ നാളികേര ഉത്പാദനത്തിന്റെ നട്ടെല്ലായ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റൂട്ട്-വില്‍റ്റ് രോഗം വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ നാളികേര കര്‍ഷകര്‍ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും എം പി ചോദ്യത്തിനിടെ സഭയെ ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച് ബോധവത്കരിക്കേണ്ടതില്ലേയെന്നും ഇതുവഴി നാളികേര മേഖലയിലെ നഷ്ടം, മാര്‍ക്കറ്റ് വിലയിടിവ് എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകളും എം പി മന്ത്രിയോടാരാഞ്ഞു.

റൂട്ട് വില്‍റ്റ് രോഗത്തിന് പരിഹാരം കാണുവാനും രോഗബാധയേല്‍ക്കാത്ത തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടോയെന്നും എം പി ചോദിക്കുകയുണ്ടായി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കീടങ്ങളും രോഗങ്ങളും തടയുന്നതിനായി പ്രത്യേക ഇടപെടലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനായി 50 കോടി 65 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചതായും തെങ്ങുകള്‍ രോഗങ്ങള്‍ നേരിടുമ്പോള്‍, അവയുടെ വ്യാപനം തടയുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബെന്നി ബഹനാന്‍ എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!