

ദോഹ: ഈദുല്‍ ഫിത്ര്‍ ആഘോഷവേളകളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ സംസ്‌കൃതി ഖത്തര്‍ ഒരുക്കിയ ഈദ് മുബാറക് ലൈവ് മ്യൂസിക്കല്‍ ഡാന്‍സ് സ്റ്റേജ് ഷോ അരങ്ങേറി.

ദോഹയിലെ പ്രശസ്തരായ 13ഓളം ഗായിക ഗായകര്‍ മലയാളികള്‍ നെഞ്ചെറ്റിയ മാപ്പിളപ്പാട്ട് ശീലുകള്‍ക്കൊപ്പം തമിഴ്, മലയാള സിനിമ ഗാനങ്ങളുടെ ശ്രവ്യ വിരുന്നൊരുക്കി.

വടക്കന്‍ മലബാറിലെ പഴയകാല മുസ്ലിം തറവാട്ടിലെ റമദാന്‍, ചെറിയ പെരുന്നാള്‍ ആഘോഷ പെരുമയിലാണ് ഈദ് മുബാറക് സ്റ്റേജ് ഷോ ഒരുക്കിയത്.
ഇശലുകളുടെ താളങ്ങള്‍ക്കൊപ്പം ഒപ്പന, സൂഫി, ഖവാലി നൃത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകളുമായി മൂന്നു മണിക്കൂര്‍ കാണിക്കള്‍ക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കിയ ഈദ് മുബാറക് ഷോ ഫൈസല്‍ അരിക്കാട്ടിലാണ് സംവിധാനം ചെയ്തത്. ചെറിയ കുട്ടികളടക്കം എഴുപതോളം കലാകാരന്‍മാരും കലാകാരികളുമാണ് ഒരു മാസത്തെ പരിശീലന മികവില്‍ വിവിധ നൃത്തഇനങ്ങളിലായി അരങ്ങില്‍ എത്തിയത്.

ആതിര അരുണ്‍ലാല്‍, പ്രവീഷ്, ആതിര സൂരജ് എന്നിവരാണ് നൃത്തസംവിധാനം നിര്‍വഹിച്ചത്. സാങ്കേതിക സഹായം സുരേഷ് പണിക്കര്‍, അതുല്‍, പ്രശാന്ത് ബാബു, ചമയം അശ്വനി രഞ്ജിത്, വിഷ്വല്‍ സൗണ്ട് എഡിറ്റിങ് ഷമീല്‍, രാഹുല്‍ കല്ലുങ്കല്‍ എന്നിവരാണ് നിര്‍വഹിച്ചത്.
സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ എളന്തോളി, സംസ്‌കൃതി നജ്മ യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യന്‍, സെക്രട്ടറി അനില്‍, പ്രോഗ്രാം കണ്‍വീനര്‍ സിനു തോമസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഷിമ, അര്‍ച്ചന, സിനി, ജെസ്മി, രവി മണിയൂര്‍, അരുണ്‍ ലാല്‍, മിജു, ഗഫൂര്‍, ഷിനൂപ്, അതുല്‍, മൈക്കിള്‍, രാജേഷ്, രാഹുല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

