
രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ശസ്ത്രക്രിയകള്‍
കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളില്‍ 100 വിജയകരമായ ശസ്ത്രക്രിയകള്‍ എന്ന ചരിത്രനേട്ടവുമായി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ബോണ്‍ ആന്‍ഡ് സോഫ്റ്റ് ടിഷ്യു കാന്‍സര്‍ ക്ലിനിക്ക്. അസ്ഥികളെയും സോഫ്റ്റ് ടിഷ്യുകളെയും ബാധിക്കുന്ന അപൂര്‍വവും സങ്കീര്‍ണ്ണവുമായ ക്യാന്‍സറുകളുടെ ചികിത്സയില്‍ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. അസ്ഥി ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം വിജയകരമായ ശസ്ത്രക്രിയകള്‍ നടത്തിയ ചുരുക്കം ആശുപത്രികളില്‍ ഒന്നാണ് വിപിഎസ് ലേക്ഷോര്‍.

വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, ഓര്‍ത്തോപീഡിക്സ് മേധാവി ഡോ. ജേക്കബ് വര്‍ഗീസ്, ക്ലിനിക്കിന് നേതൃത്വം നല്‍കുന്ന കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് ഓങ്കോളജിസ്റ്റ് ഡോ. എബിന്‍ റഹ്മാന്‍, സിഇഒ ജയേഷ് വി നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

അസ്ഥിയിലെ ക്യാന്‍സര്‍ അപൂര്‍വമാണെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും കുറവാണ്. പല മാതാപിതാക്കളും സ്ഥിരമായ വേദനയെ വളര്‍ച്ചയുടെ ഭാഗമായി വരുന്ന വേദന എന്ന് കരുതി പലപ്പോഴും ലക്ഷണങ്ങള്‍ തള്ളിക്കളയുന്നു. ഇത് രോഗനിര്‍ണയം വൈകിപ്പിക്കുന്നു. ക്യാന്‍സര്‍ അസ്ഥിയെയും ബാധിക്കുമെന്നതിനെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അവബോധം കുറവാണ്. വിശദീകരിക്കാനാകാത്ത വേദന, വീക്കം അല്ലെങ്കില്‍ മുഴ എന്നിവ കാലതാമസമില്ലാതെ പരിശോധിക്കണമെന്ന് ഡോ. റഹ്മാന്‍ പറഞ്ഞു.
അസ്ഥിയിലെ ട്യൂമര്‍ സങ്കീര്‍ണ ഘട്ടങ്ങളില്‍ എത്തുമ്പോള്‍ ആംപ്യൂട്ടേഷന്‍ (അംഗഛേദം/ അവയവം മുറിച്ചുമാറ്റല്‍) മാത്രമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഏക ചികിത്സാ മാര്‍ഗം. വിപിഎസ് ലേക്ഷോറില്‍ ആംപ്യൂട്ടേഷന്‍ ഒഴിവാക്കിയുള്ള വിപുലമായ നൂതന ചികിത്സാമാര്‍ഗങ്ങള്‍ രോഗികള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. ചില കേസുകളില്‍ ക്യാന്‍സര്‍ ബാധിച്ച അസ്ഥി നീക്കം ചെയ്ത് ശരീരത്തിന് പുറത്തെടുത്ത് ഉയര്‍ന്ന അളവിലുള്ള റേഡിയേഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി വീണ്ടും ഇംപ്ലാന്റ് ചെയ്യാനും കഴിയും. ‘ഇത് രോഗികള്‍ക്ക് സ്വന്തം അസ്ഥി നിലനിര്‍ത്താനും ചലനശേഷി വീണ്ടെടുക്കാനും അവയവം നഷ്ടപ്പെടുന്നതിന്റെ ആഘാതമില്ലാതെ ജീവിതം തുടരാനും അനുവദിക്കുന്നു. ചെറുപ്പക്കാരായ രോഗികള്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല,’ ഡോ. റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
100 ശസ്ത്രക്രിയകളില്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നിരവധി അപൂര്‍വ സാര്‍ക്കോമ കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഞരമ്പുകള്‍, പേശികള്‍, സന്ധികള്‍, കൊഴുപ്പ്, രക്തക്കുഴലുകള്‍, എല്ലുകള്‍ തുടങ്ങി ശരീരത്തെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന കോശങ്ങളെയാണ് (കണക്ടീവ് ടിഷ്യൂ) സര്‍ക്കോമ ബാധിക്കുന്നത്. ഓര്‍ത്തോപീഡിക് ഓങ്കോളജിയില്‍ വിപിഎസ് ലേക്ഷോറിന്റെ വളര്‍ന്നുവരുന്ന വൈദഗ്ധ്യത്തിന് തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ബോണ്‍, സോഫ്റ്റ് ടിഷ്യൂ ക്യാന്‍സര്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് ഇനി കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. ഈ നേട്ടത്തോടെ, കൊച്ചിയില്‍ തന്നെ നൂതന ക്യാന്‍സര്‍ ചികിത്സ ലഭ്യമാണെന്ന് ഞങ്ങളുടെ ഡോക്ടര്‍മാര്‍ തെളിയിച്ചു,’ സംസ്ഥാനത്തിനുള്ളില്‍ ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധത മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ചൂണ്ടിക്കാട്ടി.

