

കൊച്ചി: 34 വര്‍ഷമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരനും കലാധ്യാപകനുമായ പാലാ നീലൂര്‍ സ്വദേശി റോയ് തോമസിന്റെ 25 ഓയില്‍ പെയ്ന്റിംഗുകളുടെ പ്രദര്‍ശനം ഡീപ് വിത്തിന്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ആരംഭിച്ചു.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലാനിരൂപകന്‍ പ്രൊഫ. സി ബി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ ടി കലാധരന്‍, കലാനിരൂപകന്‍ എം രാമചന്ദ്രന്‍, ശില്‍പ്പിമാരായ പ്രൊഫ. എന്‍ എന്‍ റിംസണ്‍, പ്രൊഫ. ടെന്‍സിംഗ്, എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രദര്‍ശനം ജൂണ്‍ 7 വരെ നീണ്ടുനില്‍ക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശന സമയം. ഇരുപത്തഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് റോയ് തോമസിന്റെ ഏകാംഗ പ്രദര്‍ശനം കേരളത്തില്‍ നടക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കു പുറമെ പാരീസ്, ലോസ് ആഞ്ചലസ്, റോം, മ്യൂണിച്, സിംഗപ്പൂര്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രൂപ്പ്, സോളോ ഷോകളില്‍ പങ്കെടുത്തിട്ടുള്ള കലാകാരനാണ് റോയ് തോമസ്.
പ്രദര്‍ശനത്തിന്റെ ഡീപ് വിത്തിന്‍ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ അശോകസ്തംഭം (ബിസി 250), ഖജുരാഹോ (900- 1130), മൈക്കല്‍ ആഞ്ചലോയുടെ മോസസ് (1513- 1515), പിയെത്ത (1498- 1499), ഒഗെസ്റ്റ് റൊഡാന്റെ ദി തിങ്കര്‍ (ചിന്തിച്ചിരിക്കുന്ന ആള്‍ 1904) തുടങ്ങിയ 20-ലേറെ വിശ്വപ്രസിദ്ധ ശില്‍പ്പങ്ങളെ വെള്ളത്തിനടിയിലായി അവതരിപ്പിക്കുന്ന വിസ്മയകരമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
കാലാവസ്ഥാ മാറ്റത്തില്‍ മുങ്ങാനിരിക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള മുന്‍കൂര്‍ ഓര്‍മപ്പെടുത്തലാണ് ഈ ചിത്രങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രൊഫ. സി ബി സുധാകരന്‍ പറഞ്ഞു. പ്രദര്‍ശനത്തിലെ ധ്യാനസ്ഥനായ ഗാന്ധിയും കലയുടെ ഞെട്ടിപ്പിക്കുന്ന പ്രവചനശേഷിയെ സാക്ഷാത്കരിക്കുന്നതാണെന്ന് സമീപദിവസങ്ങളിലെ ഗാന്ധി വിവാദവും ധ്യാനവും ഓര്‍ത്തുകൊണ്ട് പ്രൊഫ. സുധാകരന്‍ പറഞ്ഞു.
നമ്മള്‍ വെള്ളത്തിലാണെന്ന് ഓര്‍മിപ്പിക്കുന്നവയാണ് ഓരോ ചിത്രവുമെന്ന് നിരൂപകന്‍ എം രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ രണ്ടു മഴ കൊണ്ട് മുങ്ങിപ്പോയ കൊച്ചിക്കാര്‍ നീന്തിവന്ന് ഈ പ്രദര്‍ശനം കാണുന്നതിലെ യാദൃച്ഛികത കലാധരന്‍ ഓര്‍മിപ്പിച്ചു.
പുറത്തു നിന്നു നോക്കുന്നതിലുപരി അവയുടെ ഉള്ളില്‍ നിന്ന് അനുഭവിക്കാവുന്ന ആന്തരികസഞ്ചാര അനുഭവമാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ നല്‍കുന്നതെന്ന് പ്രൊഫ. പി കൃഷ്ണനുണ്ണി എഴുതിയിരിക്കുന്നു.
രാഷ്ട്രീയം, ചരിത്രം, പ്രകൃതി, സമൂഹം എന്നിവകളെക്കുറിച്ചുള്ള തന്റെ ഉദ്വേഗമാണ് തന്റെ എല്ലാ രചനകളുടേയും പിന്നിലുള്ളതെന്ന് റോയ് തോമസ് പറഞ്ഞു. നൂറ്റാണ്ടുകളെ അതിജീവിക്കുന്നത് ചിത്രങ്ങളല്ല, ശില്‍പ്പങ്ങളാണ്. അതുകൊണ്ടാണ് ഈ സീരിസിന്റെ ഇതിവൃത്തങ്ങളായി കാലാതിശയികളായ ക്ലാസിക് ശില്‍പ്പങ്ങളെ തെരഞ്ഞെടുത്തത്.

