
കോഴിക്കോട്: താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച ”സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ” എന്ന കൈപ്പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിച്ചു. രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.


സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമൂഹിക തിന്മകള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും കൊടുവള്ളി എം എല്‍ എ ഡോ. എം കെ മുനീറിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത മത സൗഹാര്‍ദ്ദ സമിതി യോഗത്തില്‍ തീരുമാനമെടുത്തു.

താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഡോ. ഹുസൈന്‍ മടവൂര്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, വി എം. ഉമ്മര്‍ മാസ്റ്റര്‍, സി ടി ടോം, അബ്ദുല്‍ കരീം ഫൈസി, മാര്‍ട്ടിന്‍ തോമസ്, എം എ യൂസഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

