
കണ്ണൂര്‍: വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്നും നാര്‍ക്കോട്ടിക് ജിഹാദ് എന്നൊക്കെ പറഞ്ഞ് ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ഇത്തരം കാര്യങ്ങള്‍ ചാര്‍ത്തുന്നത് ശരിയല്ലെന്നും ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ബി ജെ പി ഓഫിസില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്.


ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകുമെന്നും അതിന് ഇടയാക്കിയാല്‍ വലിയ അപകടമാകുമെന്നും സി കെ പദ്മനാഭന് പറഞ്ഞു. നാര്‍ക്കോട്ടിക് മാഫിയ വളരെ ശക്തമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ് പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍ അതിലൊരു ജിഹാദ് എന്ന വാക്കു കൂടി കൂട്ടിപ്പറഞ്ഞു എന്നതിനപ്പുറം എന്തെങ്കിലും ഗൗരവം ഇതിനുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജിഹാദ് എന്ന വാക്കിന് ഇപ്പോള്‍ വേറെയും അര്‍ഥം ഉണ്ടെന്നാണ് പണ്ഡിതന്മാര് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി പത്മനാഭന് നമ്മള് പണ്ട് വിചാരിച്ച അര്‍ഥമല്ല അതിനെന്നും അതുകൊണ്ട് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതലോടുകൂടി ഉപയോഗിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തികൊടുക്കുന്ന സമീപനം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട നിലപാടുകള്‍ക്ക് വിരുദ്ധമായാണ് സമീപനമാണ് പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബി ജെ പി കോര്‍കമ്മിറ്റി യോഗത്തിലും സി കെ പദ്മനാഭന് പങ്കെടുത്തിരുന്നില്ല. യോഗം നടക്കുമ്പോള്‍ അദ്ദേഹം കൊച്ചിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടെങ്കിലും യോഗത്തിനെത്തിയില്ല. തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ച പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോര്‍കമ്മറ്റി യോഗം.
