

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കിടയില്‍ ലഹരിയും അധാര്‍മ്മികതയും വര്‍ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് മതാധ്യപനത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നുണ്ടെന്ന് കെ എന്‍ എം ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യാ അല്‍ അസ്ഹര്‍ കോളെജില്‍ വൈജ്ഞാനിക സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യശോഷണം സംഭവിച്ച പുതുതലമുറക്ക് ലക്ഷ്യബോധം നല്‍കാന്‍ മത വിദ്യാഭ്യാസം അനിവാര്യമാണ്. കാംപസുകളില്‍ മദ്യവും ലഹരിയും അനിയന്ത്രിതമായ സ്ത്രീ പുരുഷ ബന്ധങ്ങളും നമ്മുടെ സംസ്‌കാരത്തെയും സമാധാന ജീവിതത്തെയും നശിപ്പിക്കുകയാണ്.
നന്മയുടെ പ്രചാരണത്തിനായി എല്ലാ വിഭാഗമാളുകളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ര്‍ അലി ഇമാം മഹ്ദി അധ്യക്ഷത വഹിച്ചു. ഡോ. അന്‍സാര്‍ ആലം, അസ്ഹര്‍ മദനി, മുഹമ്മദ് സമാന്‍ തുടങ്ങിയവരും സംസാരിച്ചു. വിദ്യാര്‍ഥികള്‍ വൈജ്ഞാനിക സാഹിത്യ പരിപാടികള്‍ അവതരിപ്പിച്ചു.
മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരം ഡോ. ഹുസൈന്‍ മടവൂര്‍ സമര്‍പ്പിച്ചു.

